ഒൻ്റാരിയോയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി ഗ്രാജ്വേഷൻ ലഭിക്കണമെങ്കിൽ സാമ്പത്തിക സാക്ഷരതാ പരീക്ഷ ജയിക്കേണ്ടത് നിർബന്ധമാക്കി.ദൈനംദിന ജീവിതത്തിലെ പണമിടപാടുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര പറഞ്ഞു.
ബജറ്റ് തയ്യാറാക്കൽ, സമ്പാദ്യം, കടം, ക്രെഡിറ്റ് എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. കുറഞ്ഞത് 70 ശതമാനം മാർക്ക് വാങ്ങിയാൽ മാത്രമേ പരീക്ഷ വിജയിക്കാൻ കഴിയൂ. രണ്ടുതവണ പരീക്ഷ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിയ ശേഷം വീണ്ടും അവസരം നൽകും.
പത്താം ക്ലാസിലെ 'കരിയർ സ്റ്റഡീസ്' കോഴ്സിൻ്റെ ഭാഗമായാണ് ഈ പരീക്ഷ നടത്തുക. ഇതിനാവശ്യമായ പഠനസഹായികളും ചോദ്യങ്ങളും ടി.വി.ഒ ആണ് തയ്യാറാക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ടിറങ്ങുന്നതിന് മുൻപ് യഥാർത്ഥ ലോകത്തെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മറ്റ് പരമ്പരാഗത വിഷയങ്ങളെപ്പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക സാക്ഷരതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബങ്ങളിലെ വർധിച്ചുവരുന്ന കടബാധ്യതകൾ പണമിടപാടിലെ നൈപുണ്യത്തിൻ്റെ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്. കാനഡയിലെ മറ്റ് പ്രവിശ്യകളും ഇത്തരം സാമ്പത്തിക വിദ്യാഭ്യാസ പരിപാടികൾ ആലോചിക്കുന്നുണ്ടെങ്കിലും, ഈ പരീക്ഷ നിർബന്ധമാക്കുന്നതിലൂടെ ഒൻ്റാരിയോ ഇക്കാര്യത്തിൽ മാതൃകയാവുകയാണ്. പുതിയ തീരുമാനം യുവാക്കളെ പക്വതയുള്ള ജീവിതത്തിന് കൂടുതൽ സജ്ജരാക്കുമെന്നാണ് ഒൻ്റാരിയോ സർക്കാരിൻ്റെ പ്രതീക്ഷ.