ലൈംഗിക അതിക്രമക്കേസിലും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെ 31-കാരനായ ഇന്ത്യൻ യുവാവ് കാനഡയിൽ നിന്ന് രക്ഷപ്പെട്ടു. ഏഴ് വർഷം മുമ്പ് കാനഡയിലേക്ക് കുടിയേറിയ സോഫ്റ്റ്‌വെയർ ഡെവലപ്പർ എച്ച്.ബി ആണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യം വിട്ടത്.
2022-ൽ കാനഡയിലെത്തിയ ഇന്ത്യൻ സ്വദേശിയായ യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. 'ബംബിൾ' എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നതായി കോടതി കണ്ടെത്തി.യുവതി കാനഡയിൽ പുതിയ ആളായതുകൊണ്ട് ആരും വിശ്വസിക്കില്ലെന്നും തനിക്ക് നിയമവ്യവസ്ഥയെക്കുറിച്ച് നന്നായി അറിയാമെന്നും പറഞ്ഞായിരുന്നു ഇയാൾ പീഡനം തുടർന്നത്.
കഴിഞ്ഞ ഒക്ടോബർ 30ന് കോടതി ഇയാളെ കുറ്റക്കാരനായി പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇയാൾ അതിർത്തി കടന്ന് അമേരിക്കയിലെ വെർമോണ്ടിലെത്തി. ബോസ്റ്റണിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് കടന്നു. പിന്നീട് അബുദാബി വഴി യാത്ര ചെയ്തതായും വിവരമുണ്ട്.
പ്രതിയുടെ അസാന്നിധ്യത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ (2026) കോടതി ഇയാൾക്ക് ഏഴ് വർഷത്തെ തടവുശിക്ഷ വിധിച്ചു. അതിക്രൂരവും അപമാനകരവുമായ രീതിയിലാണ് പ്രതി യുവതിയോട് പെരുമാറിയതെന്ന് ജഡ്ജി നിരീക്ഷിച്ചു. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ശിക്ഷ വിധിക്കുന്നതിന് മുമ്പുള്ള സമയപരിധിക്കുള്ളിൽ പ്രതിക്ക് രാജ്യം വിടാൻ കഴിഞ്ഞത് കാനഡയിലെ നിയമവ്യവസ്ഥയിലെ പോരായ്മയാണെന്ന് വലിയ വിമർശനം ഉയർന്നിട്ടുണ്ട്. ഇത്തരം കുറ്റവാളികൾ രക്ഷപ്പെടുന്നത് തടയാൻ കർശനമായ സുരക്ഷാ മുൻകരുതലുകൾ വേണമെന്ന ആവശ്യവും ശക്തമാണ്.