തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിനും ഭീകര സംഘടനയ്ക്ക് വേണ്ടി പ്രചാരണം നടത്തിയതിനും ക്യൂബെക്കിൽ നിന്നുള്ള 26-കാരനെതിരെ കാനഡ പോലീസ് കേസ് എടുത്തു. ജെഫ്രി റൂസൽ എന്ന യുവാവാണ് പിടിയിലായത്. കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ച '764' എന്ന തീവ്രവാദ നെറ്റ്‌വർക്കിന് പിന്തുണ നല്കി എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം. ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ഇയാൾ അക്രമാസക്തമായ ദൃശ്യങ്ങളും ആശയങ്ങളും പ്രചരിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ഡിസ്‌കോർഡ്, ടെലിഗ്രാം എന്നിവ കൂടാതെ റോബ്‌ലോക്സ് , മൈൻക്രാഫ്റ്റ് തുടങ്ങിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നത്. കുട്ടികളെ സ്വാധീനിച്ച് തീവ്രവാദ ആശയങ്ങളിലേക്ക് എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക, ഭീകര പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുക, ഒരു ഭീകര സംഘടനയ്ക്ക് വേണ്ടി കുറ്റകൃത്യങ്ങൾ ചെയ്യുക തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇയാളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കാനഡയ്ക്ക് അകത്തും പുറത്തും വ്യാപിച്ചിരുന്നതായി RCMP അറിയിച്ചു. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് വർധിച്ചു വരികയാണെന്നും, കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.