ഇന്ധനവില വർധന: ലുഫ്താൻസ 20,000 സർവീസുകൾ റദ്ദാക്കുന്നു

By: 600110 On: Apr 23, 2026, 9:24 AM

വിമാന ഇന്ധനവില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഈ വേനൽക്കാലത്ത് 20,000 ഹ്രസ്വദൂര സർവീസുകൾ റദ്ദാക്കാൻ ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസ തീരുമാനിച്ചു. 2026 മെയ് മുതൽ ഒക്ടോബർ വരെയുള്ള വിമാനങ്ങളാണ് ഒഴിവാക്കുന്നത്. ഇറാനിലെ യുദ്ധം കാരണം ഇന്ധനവില ബാരലിന് 200 ഡോളർ വരെയായി ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണം. യുദ്ധത്തിന് മുൻപ് ഇത് 90 ഡോളറിൽ താഴെയായിരുന്നു.സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ 40,000 മെട്രിക് ടണ്ണിലധികം ഇന്ധനം ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നു.

പോളണ്ടിലെ ബൈഡ്ഗോഷ്, ഷെഷൂഫ്, നോർവേയിലെ സ്റ്റാവഞ്ചർ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നുണ്ട്. ലുഫ്താൻസ സിറ്റിലൈൻ സർവീസുകളെയും ഇത് ബാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരോട് തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ ഇടയ്ക്കിടെ പരിശോധിക്കാനും കമ്പനി നിർദ്ദേശിച്ചു.

ലുഫ്താൻസയ്ക്ക് പുറമെ എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ കമ്പനികളും സർവീസുകൾ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ധനവില കൂടിയ സാഹചര്യത്തിൽ വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കാനും കൂടുതൽ റദ്ദാക്കലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.