കാൽഗറിയിൽ ഈ ശനിയാഴ്ച അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് ആശ്വാസമായി വൻതോതിൽ സൗജന്യമായി ഉരുളക്കിഴങ്ങ് വിതരണം ചെയ്യും. 'ഗുരു നാനാക്ക് ഫ്രീ കിച്ചൺ ക്യാൽഗറി' എന്ന സംഘടനയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 ശനിയാഴ്ചയാണ് 'പൊട്ടറ്റോ സാറ്റർഡേ' എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മക്നൈറ്റ് സി-ട്രെയിൻ (McKnight CTrain) സ്റ്റേഷനിൽ ആരംഭിക്കുന്ന വിതരണത്തിലൂടെ ഏകദേശം 80,000 പൗണ്ട് ഉരുളക്കിഴങ്ങ് പൊതുജനങ്ങൾക്ക് ലഭ്യമാക്കും. എത്തുന്നവർ സ്വന്തമായി സഞ്ചികൾ കരുതണമെന്ന് സംഘാടകർ നിർദ്ദേശിച്ചു.
കഴിഞ്ഞ ഒൻപത് വർഷമായി കാൽഗറിയിലും പരിസരപ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്ന സംഘടനയാണിത്. പ്രതിമാസം പതിനായിരത്തോളം കുടുംബങ്ങൾക്ക് സൗജന്യമായി പലചരക്ക് സാധനങ്ങൾ എത്തിക്കുന്ന ഇവരുടെ പ്രവർത്തനങ്ങൾ പ്രാദേശിക സമൂഹത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലായിരിക്കും വിതരണം. ജനത്തിരക്ക് പരിഗണിച്ച് ഓരോ വ്യക്തിക്കും എത്ര അളവിൽ ഉരുളക്കിഴങ്ങ് നൽകണം എന്ന കാര്യത്തിൽ അന്ന് തീരുമാനമെടുക്കുമെന്നും, അന്നേദിവസം തന്നെ മുഴുവൻ ഉരുളക്കിഴങ്ങും വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു.