കുടിയൊഴിപ്പിക്കല്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം ചി ഒസ്സെ അറസ്റ്റില്‍; ബ്രൂക്ലിനില്‍ പ്രതിഷേധം ഇരമ്പുന്നു

By: 600002 On: Apr 23, 2026, 8:42 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ബ്രൂക്ലിനിലെ ബെഡ്-സ്‌റ്റൈ മേഖലയില്‍ നടന്ന കുടിയൊഴിപ്പിക്കല്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം ചി ഒസ്സെയെ (Chi Ossé) പൊലീസ് അറസ്റ്റ് ചെയ്തു. ആധാരങ്ങള്‍ തട്ടിയെടുത്ത് (Deed Theft) വീടുകള്‍ കൈവശപ്പെടുത്തുന്ന മാഫിയയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

212 ജെഫേഴ്‌സണ്‍ അവന്യൂവിലെ വസ്തു ഉടമയെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് കൗണ്‍സില്‍ അംഗത്തെ പൊലീസ് ബലം പ്രയോഗിച്ച് തറയിലിട്ട് കീഴ്‌പ്പെടുത്തിയതും അറസ്റ്റ് ചെയ്തതും.

നിലവില്‍ ബ്രൂക്ലിനിലെ 79-ാം പ്രിസിങ്ക് ഓഫീസിന് മുന്നില്‍ (ടോംപ്കിന്‍സ് അവന്യൂ) വലിയ തോതിലുള്ള പ്രതിഷേധം നടക്കുകയാണ്. 'കോമ്രേഡ് കാവ്' ഉള്‍പ്പെടെയുള്ള സജീവ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നു.

ബ്രൂക്ലിന്‍ മേഖലയില്‍ ആധാരങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് വീടുകള്‍ തട്ടിയെടുക്കുന്ന 'ഡീഡ് തെഫ്റ്റ്' വ്യാപകമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ജെഫേഴ്‌സണ്‍ അവന്യൂവിലെ വീട് തട്ടിയെടുത്ത നടപടി ക്രൂരവും അപലപനീയവുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

'നമ്മുടെ അയല്‍പക്കങ്ങള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊരു മാറ്റത്തിനുള്ള തുടക്കമാണ്,' എന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. കൗണ്‍സില്‍ അംഗത്തിന്റെ അറസ്റ്റോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ബ്രൂക്ലിനിലെ സാധാരണക്കാരുടെ വീടുകള്‍ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.