ഇല്‍ഹാന്‍ ഒമറിന്റെ മകള്‍ കമ്യൂണിസ്റ്റ് അനുകൂല നിലപാടുകളുമായി രംഗത്ത്; വിവാദം കൊഴുക്കുന്നു

By: 600002 On: Apr 23, 2026, 7:58 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിന്റെ മകള്‍ ഇസ്ര ഹിര്‍സി ക്യൂബ സന്ദര്‍ശിച്ചതും കമ്യൂണിസ്റ്റ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചതും വലിയ ചര്‍ച്ചയാകുന്നു. ഇല്‍ഹാന്‍ ഒമറിന്റെ ആസ്തിയെച്ചൊല്ലിയുള്ള സാമ്പത്തിക വിവാദങ്ങള്‍ക്കിടെയാണ് മകളുടെ രാഷ്ട്രീയ നീക്കങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

അമേരിക്കയുടെ ഉപരോധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ 'കോഡ് പിങ്ക്' എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇസ്ര ക്യൂബ സന്ദര്‍ശിച്ചു. കമ്യൂണിസ്റ്റ് ചൈനീസ് ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളുമായി ഇസ്രയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇല്‍ഹാന്‍ ഒമറിന് 30 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഇത് അക്കൗണ്ടിംഗിലെ പിശകാണെന്നും തന്റെ ആസ്തി വെറും 95,000 ഡോളറില്‍ താഴെ മാത്രമാണെന്നുമാണ് ഒമറിന്റെ വിശദീകരണം.

കൊളംബിയ സര്‍വകലാശാലയിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഇസ്രയെ നേരത്തെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. മകളുടെ ധീരമായ നിലപാടുകളില്‍ അഭിമാനമുണ്ടെന്നാണ് ഇല്‍ഹാന്‍ ഒമറിന്റെ പ്രതികരണം.

നൂറു കണക്കിന് കോടികളുടെ ആസ്തിയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ, മകള്‍ കടുത്ത ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുകയാണ്.