സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയിലെ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളെ കാണാനില്ല

By: 600002 On: Apr 23, 2026, 7:27 AM




പി പി ചെറിയാന്‍

ടാമ്പ: സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയിലെ രണ്ട് പി.എച്ച്.ഡി വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമില്‍ ലിമോണ്‍, നഹീദ എസ്. ബ്രിസ്റ്റി എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായത്.

ജിയോഗ്രഫി വിഭാഗം വിദ്യാര്‍ത്ഥിയായ സാമില്‍ ലിമോണ്‍ (27), കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ നഹീദ എസ്. ബ്രിസ്റ്റി (27).

വ്യാഴാഴ്ച രാവിലെ 9 മണിയോടെ ലിമോണിനെ ടാമ്പയിലെ വസതിയിലും, 10 മണിയോടെ ബ്രിസ്റ്റിയെ സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് കെട്ടിടത്തിലുമാണ് അവസാനമായി കണ്ടത്.

ഇരുവരും സുഹൃത്തുക്കളാണെന്നും ഒരുമിച്ച് കാണാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. ഏപ്രില്‍ 17-ന് ഒരു കുടുംബസുഹൃത്ത് ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ഹിസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസും യൂണിവേഴ്‌സിറ്റി പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ (813) 9742628 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.