പി പി ചെറിയാന്‍
ഡാളസ്: ടെക്‌സസ് ഡാളസിലെ മെസ്‌കിറ്റില്‍ നിന്നും എടുത്ത ലോട്ടോ ടെക്‌സാസ് ടിക്കറ്റിന് 41 മില്യണ്‍ ഡോളര്‍ (ഏകദേശം 340 കോടിയിലധികം രൂപ) ജാക്ക്‌പോട്ട് അടിച്ചു. ഏപ്രില്‍ 20-ന് നടന്ന നറുക്കെടുപ്പിലാണ് നോര്‍ത്ത് ടെക്‌സാസ് സ്വദേശി ഈ വന്‍ തുകയ്ക്ക് അര്‍ഹനായത്. വിജയി ഇതുവരെ സമ്മാനത്തുക കൈപ്പറ്റാന്‍ എത്തിയിട്ടില്ല. നറുക്കെടുപ്പ് തീയതി മുതല്‍ 180 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
മെസ്‌കിറ്റിലെ ഇന്റര്‍സ്റ്റേറ്റ് ഹൈവേ 30-ല്‍ ഉള്ള 7-ഇലവന്‍ (7-Eleven) സ്റ്റോറില്‍ നിന്നാണ് 'ക്വിക് പിക്' ടിക്കറ്റ് എടുത്തത്.
നികുതി കിഴിച്ചുള്ള തുകയായി ഏകദേശം 2.25 കോടി ഡോളര്‍ വിജയിക്ക് ലഭിക്കും.
വിജയിച്ച നമ്പറുകള്‍: 21, 28, 33, 34, 43, 44.
2025 നവംബര്‍ മുതല്‍ ആര്‍ക്കും ലഭിക്കാതെ വര്‍ദ്ധിച്ചുവന്ന ജാക്ക്‌പോട്ട് തുകയാണ് 66-ാമത്തെ നറുക്കെടുപ്പില്‍ മെസ്‌കിറ്റ് സ്വദേശിയെ തേടിയെത്തിയത്. ടിക്കറ്റ് വിറ്റ കടയ്ക്കും 25,000 ഡോളര്‍ ബോണസ് ലഭിക്കും. അടുത്ത ലോട്ടോ ടെക്‌സാസ് നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. സമ്മാനത്തുക 50 ലക്ഷം ഡോളറില്‍ നിന്നാണ് വീണ്ടും ആരംഭിക്കുന്നത്.