കാനഡ പോസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ : 30,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു

By: 600110 On: Apr 22, 2026, 1:36 PM

കാനഡയുടെ ഔദ്യോഗിക തപാൽ സേവനമായ കാനഡ പോസ്റ്റ് സാമ്പത്തിക തകർച്ചയെ തുടർന്ന് പോസ്റ്റുകൾ വെട്ടിക്കുറയ്ക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ 1.57 ബില്യൺ ഡോളറിൻ്റെ റെക്കോർഡ് നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തസ്തികകൾ വെട്ടിക്കുറയ്ക്കാനും സേവനങ്ങളിൽ മാറ്റം വരുത്താനും മാനേജ്‌മെൻ്റ് തീരുമാനിച്ചത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 30,000 തസ്തികകൾ കുറയ്ക്കുമെന്ന് സി.ഇ.ഒ ഡഗ് എത്തിഞ്ചർ പാർലമെൻ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാർ വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകൾ നികത്താതെയും, സ്വയം വിരമിക്കൽ പദ്ധതികളിലൂടെയും ഘട്ടംഘട്ടമായാകും ഈ വെട്ടിക്കുറയ്ക്കൽ നടപ്പിലാക്കുക. 2030-ഓടെ 16,000 ജീവനക്കാരെയും, 2031 മുതൽ 2035 വരെയുള്ള കാലയളവിൽ 14,000 പേരെയും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം കാനഡ പോസ്റ്റിൻ്റെ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് . നിലവിലുള്ള  Door-to-door delivery ക്ക് പകരം കമ്മ്യൂണിറ്റി മെയിൽ ബോക്സുകൾ വ്യാപകമാക്കും. ഒരു വിലാസത്തിലേക്ക് നേരിട്ട് തപാൽ എത്തിക്കാൻ വർഷം 284 ഡോളർ ചെലവ് വരുമ്പോൾ, കമ്മ്യൂണിറ്റി ബോക്സുകളിലൂടെ ഇത് 162 ഡോളറായി കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിൻ്റെ ആദ്യ ഘട്ടമായി ഈ വർഷം 1.36 ലക്ഷം വിലാസങ്ങളിലേക്കുള്ള നേരിട്ടുള്ള വിതരണം അവസാനിപ്പിക്കും. കൂടാതെ, എല്ലാ പ്രവൃത്തിദിവസങ്ങളിലുമുള്ള വിതരണത്തിന് പകരം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തപാൽ എത്തിക്കുന്ന രീതി നടപ്പിലാക്കാനും ശുപാർശയുണ്ട്.