നഗരത്തിൽ അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി കാല്ഗറി സിറ്റി അധികൃതർ. ഏപ്രിൽ 25 ശനിയാഴ്ച മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സൗജന്യ 'കമ്മ്യൂണിറ്റി ക്ലീനപ്പ്' ക്യാമ്പയിൻ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഭൂമിയിലോ അനുമതിയില്ലാതെ ഫർണിച്ചറുകൾ, ഗാർഹിക ഉപകരണങ്ങൾ, നിർമ്മാണ അവശിഷ്ടങ്ങൾ എന്നിവ ഉപേക്ഷിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, പിടിക്കപ്പെടുന്നവർക്ക് ഓരോ തവണയും 10,000 ഡോളർ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
2025-ൽ മാത്രം നഗരത്തിൽ ഇത്തരത്തിലുള്ള 30,000 പരാതികൾ ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനധികൃത മാലിന്യനിക്ഷേപം പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും സിറ്റിയുടെ അവശ്യ സേവനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കമ്മ്യൂണിറ്റി സേഫ്റ്റി ഡെപ്യൂട്ടി ചീഫ് ഡാമിയൻ കോൾ അറിയിച്ചു. വീടുകളിലെ മാലിന്യ ബോക്‌സുകളിൽ ഒതുങ്ങാത്ത വലിയ വസ്തുക്കൾ സംസ്കരിക്കാൻ നഗരവാസികൾക്ക് ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
കാന്യോൺ മെഡോസ്, ഗ്ലെൻഡേൽ, ഹാംപ്ടൺസ്, ഡോവർ, നോർത്ത് ഗ്ലെൻമോർ പാർക്ക്, പാർക്ക്ഡേൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യ ഘട്ട ക്ലീനപ്പുകൾ നടക്കുന്നത്. ഇതിനുപുറമെ വലിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സിറ്റി ഇക്കോ സെൻ്ററുകളുടെ സേവനമോ ലൈസൻസുള്ള സ്വകാര്യ ഏജൻസികളുടെ സഹായമോ തേടാവുന്നതാണ്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 311 ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ വിവരമറിയിക്കാൻ അധികൃതർ നിർദ്ദേശിച്ചു. കൃത്യമായ ലൊക്കേഷൻ, വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ, ചിത്രങ്ങൾ എന്നിവ സഹിതം റിപ്പോർട്ട് ചെയ്യുന്നത് കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുമെന്ന് സിറ്റി ഭരണകൂടം വ്യക്തമാക്കി.