കാൽഗറിയിലെ വിചിത്ര നിയമങ്ങൾ: ലംഘിച്ചാൽ വലിയ തുക പിഴ!

By: 600110 On: Apr 22, 2026, 1:27 PM

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായ കാൽഗറിയിൽ നിങ്ങൾ താമസിക്കുകയോ സന്ദർശിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമുക്ക് വളരെ സാധാരണമായി തോന്നുന്ന പല കാര്യങ്ങളും അവിടെ നിയമലംഘനങ്ങളാണ്. കേട്ടാൽ കൗതുകം തോന്നുമെങ്കിലും പിഴയുടെ കാര്യത്തിൽ കർശനമായ വ്യവസ്ഥകളാണ് നിലവിലുള്ളത്.

സ്വന്തം വീട്ടുമുറ്റത്ത് വെച്ച് കാർ കഴുകുമ്പോൾ സോപ്പ് ഉപയോഗിക്കുന്നത് കാൽഗറിയിൽ നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ സോപ്പാണെങ്കിൽ പോലും ഉപയോഗിക്കാൻ പാടില്ല. വെറും വെള്ളം മാത്രമേ അനുവദനീയമുള്ളൂ. സോപ്പ് കലർന്ന വെള്ളം ഡ്രെയിനേജിലൂടെ ഒഴുകി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണിത്. ഈ നിയമം ലംഘിച്ചാൽ 3,000 ഡോളർ വരെയാണ് പിഴ!

പാർക്കിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ഇരിക്കുമ്പോൾ ബെഞ്ചിലോ മുന്നിലുള്ള മേശയിലോ കാല് കയറ്റിവെക്കുന്നത് നിയമവിരുദ്ധമാണ്. ശില്പങ്ങൾക്കോ ചെടിച്ചട്ടികൾക്കോ മുകളിൽ കയറി നിൽക്കുന്നതും കുറ്റകരമാണ്. 300 ഡോളർ വരെയാണ് ഇതിനുള്ള പിഴ.

വളർത്തുപൂച്ചകൾ സ്വന്തം പുരയിടത്തിന് പുറത്ത് സ്വതന്ത്രമായി കറങ്ങിനടക്കുന്നത് കാൽഗറിയിൽ അനുവദനീയമല്ല. അങ്ങനെ കണ്ടുപിടിക്കപ്പെട്ടാൽ ഉടമയ്ക്ക് 150 ഡോളർ പിഴ വീഴും. ആൽബർട്ട പ്രവിശ്യയിൽ എലികളെ വളർത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എലികളെ കൈവശം വെക്കുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

തടികൊണ്ടുള്ള ഏണികൾക്ക് പെയിൻ്റ് അടിക്കുന്നത് സുരക്ഷാ കാരണങ്ങളാൽ നിരോധിച്ചിട്ടുണ്ട്. ഏണിക്ക് എന്തെങ്കിലും വിള്ളലുകളോ കേടുപാടുകളോ ഉണ്ടെങ്കിൽ പെയിൻ്റിനടിയിൽ മറഞ്ഞുപോകാതിരിക്കാനാണ് ഈ വിചിത്രമായ മുൻകരുതൽ. സുതാര്യമായ പോളിഷ് മാത്രമേ ഇവിടെ അനുവദിക്കൂ.  

നഗരത്തിലെ അച്ചടക്കവും പരിസ്ഥിതിയും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അധികൃതർ എത്രത്തോളം ജാഗരൂകരാണെന്നാണ് ഈ നിയമങ്ങൾ വ്യക്തമാക്കുന്നത്. ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വലിയ പിഴ നല്കേണ്ടി വരും.