കാനഡയിലെ യുവാക്കൾക്കായി ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുമായി 'കാനഡ സമ്മർ ജോബ്സ്' പദ്ധതിയുടെ അപേക്ഷകൾ ആരംഭിച്ചു. ഏകദേശം 1.5 ബില്യൺ ഡോളർ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 15-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കനേഡിയൻ പൗരന്മാർ, പെർമനൻ്റ് റസിഡൻസ്, അഭയാർത്ഥികൾ എന്നിവർക്ക് അവസരമുണ്ട്.
അപേക്ഷകർക്ക് സാധുവായ സോഷ്യൽ ഇൻഷുറൻസ് നമ്പർ ഉണ്ടായിരിക്കണം. കൺസ്ട്രക്ഷൻ, പരിസ്ഥിതി, സാങ്കേതികവിദ്യ, ഡിജിറ്റൽ സ്കിൽസ്, വിനോദസഞ്ചാരം , മാർക്കറ്റിംഗ്, ഫുഡ് ഇൻഡസ്ട്രി തുടങ്ങി വിവിധ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. ചെറുകിട ബിസിനസ് സ്ഥാപനങ്ങളിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻജിഒകളിലുമാണ് പ്രധാനമായും നിയമനം നടക്കുന്നത്. ആറാഴ്ച മുതൽ പതിനാറാഴ്ച വരെയാണ് ജോലിയുടെ കാലാവധി. ഭൂരിഭാഗം ജോലികളും എട്ടാഴ്ച നീണ്ടുനിൽക്കുന്നവയാണ്. ആഴ്ചയിൽ 30 മുതൽ 40 മണിക്കൂർ വരെയായിരിക്കും ജോലി സമയം.
ഈ വർഷം ജൂലൈ 20 വരെ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓഗസ്റ്റ് 29 വരെയാണ് ഈ പദ്ധതി പ്രകാരമുള്ള ജോലികൾ തുടരുക. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളെ തൊഴിൽ മേഖലയിലേക്ക് എത്തിക്കുകയാണ് കാനഡ സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.