പ്രതീക്ഷയേകി അമലിന്റെ ആരോഗ്യനില; ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്തു

By: 600002 On: Apr 22, 2026, 10:46 AM



 

ജിജി സ്‌കറിയ

ഡാലസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമലിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഠിനമായ ഘട്ടങ്ങള്‍ പിന്നിട്ട അമലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ സിറ്റി ഡാലസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.

അമലിന്റെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍ണ്ണായകമായ ചില ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. ECMO, ഡയാലിസിസ് ഒഴിവാക്കി: ശരീരത്തിന് കൃത്രിമ ഓക്‌സിജനും രക്തശുദ്ധീകരണവും നല്‍കിയിരുന്ന എക്‌മോ (ECMO), ഡയാലിസിസ് സഹായങ്ങള്‍ ഇപ്പോള്‍ വിജയകരമായി നീക്കം ചെയ്തു.

വെന്റിലേറ്റര്‍ സഹായം ഗണ്യമായി കുറച്ചു. നിലവില്‍ ഹൈ ഫ്‌ലോ നാസല്‍ കാനുല/ട്രാക്കി കോളര്‍ വഴിയാണ് ശ്വസനസഹായം നല്‍കുന്നത്. ശ്വാസകോശത്തിലെ അണുബാധ പൂര്‍ണ്ണമായി ഭേദമായിട്ടില്ലെങ്കിലും നില മെച്ചപ്പെടുന്നുണ്ട്.

ല്യൂക്കീമിയ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി.

ചൊവ്വാഴ്ച നടത്തുന്ന ബോണ്‍ മാരോ (Bone Marrow) പരിശോധന അമലിന്റെ തുടര്‍ചികിത്സയില്‍ നിര്‍ണ്ണായകമാകും. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ല്യൂക്കീമിയ ചികിത്സയുടെ അടുത്ത ഘട്ടം തീരുമാനിക്കുക. നിലവിലെ സാഹചര്യത്തില്‍ ഏകദേശം രണ്ട് മാസം കൂടി അമല്‍ ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചിട്ടുള്ളത്.

അമലിന്റെ ചികിത്സാ യാത്രയിലുടനീളം പ്രാര്‍ത്ഥനകളുമായും സ്‌നേഹത്തോടെയും കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു. വാക്കുകള്‍ക്ക് അതീതമായ പിന്തുണയാണ് ലഭിക്കുന്നതെന്നും, അമല്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരാന്‍ തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.