പി. പി. ചെറിയാന്‍
ഫ്‌ലോറിഡ: 1990-ല്‍ മോഷണശ്രമത്തിനിടെ അയല്‍വാസിയായ മാര്‍ലിസ് സാതര്‍ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്വിക് സ്‌കോട്ട് വില്ലാസിയുടെ (58) വധശിക്ഷ നടപ്പിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഫ്‌ലോറിഡ സ്റ്റേറ്റ് പ്രിസണില്‍ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷാ നടപടി.ഈ വര്‍ഷം ഫ്‌ലോറിഡയില്‍ നടപ്പിലാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്.
മോഷണം തടയാന്‍ ശ്രമിച്ച മാര്‍ലിസിനെ കെട്ടിയിട്ട ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അവര്‍ ജീവനോടെ ഇരിക്കുമ്പോഴാണ് പ്രതി തീ കൊളുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട വില്ലാസി, മരിച്ചവരുടെയും സ്വന്തം കുടുംബാംഗങ്ങളോടും ക്ഷമ ചോദിച്ചു.
ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വധശിക്ഷ നടപ്പിലാക്കുന്നതില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 30-ന് മറ്റൊരു പ്രതിയുടെ വധശിക്ഷയും ഫ്‌ലോറിഡയില്‍ നിശ്ചയിച്ചിട്ടുണ്ട്.