പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളില്‍ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോണ്‍.

By: 600002 On: Apr 22, 2026, 9:52 AM



പി. പി. ചെറിയാന്‍

ലബക് (ടെക്‌സസ്): പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളില്‍ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോണ്‍ ഉദ്‌ബോധിപ്പിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഒത്തുചേരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ ഏപ്രില്‍ 21 ചൊവ്വാഴ്ച സംഘടിപ്പിച്ച 623-ാമത് സമ്മേളനത്തില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു ലബക് ഇമ്മാനുവല്‍ മാര്‍ത്തോമാ പള്ളി വികാരിയും പ്രമുഖ സുവിശേഷ പ്രസംഗികനുമായ റവ. ജെയിംസ് കെ. ജോണ്‍.

തന്റെ ദീര്‍ഘകാല മിഷന്‍ പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസികള്‍ ആത്മീയ യാത്രയില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചു  അദ്ദേഹം വിശദീകരിച്ചു. കര്‍ത്താവിന്റെ വരവിനായി ബുദ്ധിയുള്ള കന്യകമാരെപ്പോലെ ഒരുങ്ങിയിരിക്കണമെന്നും, ജീവിതത്തില്‍ വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡെട്രോയിറ്റില്‍ നിന്നുള്ള മിസ്റ്റര്‍ സി. വി. സാമുവല്‍ സമ്മേളനത്തിന് ആമുഖം നല്‍കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഇവാ. മോന്‍സി കെ. എബ്രഹാം പ്രാരംഭ പ്രാര്‍ത്ഥനയ്ക്കും, അറ്റ്ലാന്റയില്‍ നിന്നുള്ള മിസ്റ്റര്‍ തോമസ് ജോണ്‍ (രാജു) മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി.  ലബക്കില്‍ നിന്നുള്ള ഡോ. ആനി ലിങ്കണ്‍ വേദഭാഗം വായിച്ചു.

ഹൂസ്റ്റണില്‍ നിന്നുള്ള മിസ്റ്റര്‍ ടി. എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ഡോ. ജെയിംസ് ജേക്കബിന്റെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം സമാപിച്ചു.

അടുത്ത ആഴ്ച (ഏപ്രില്‍ 28) നടക്കുന്ന 624-ാമത് സെഷന്‍ വിശ്വാസികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു സാക്ഷ്യ സെഷന്‍ ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് ക്രമീകരിക്കുന്ന പ്രയര്‍ ലൈനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 1-712-770-4821 എന്ന നമ്പറില്‍ (ആക്സസ് കോഡ്: 530464) ബന്ധപ്പെടാവുന്നതാണ്.