ടൊറൻ്റോ നോർത്ത് യോർക്കിലെ ഫെയർവ്യൂ മാളിലുണ്ടായ വെടിവയ്പ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ മാൾ തുറക്കുന്ന സമയത്തായിരുന്നു സംഭവം. മാളിലെ ജ്വല്ലറിയിൽ മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റത്.
രാവിലെ ഏകദേശം 10 മണിയോടെയായിരുന്നു സംഭവം. ജ്വല്ലറി കൊള്ളയടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞതോടെ പ്രതി വെടി ഉതിർക്കുകയായിരുന്നു.വയറിന് വെടിയേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ നില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
മോൺട്രിയൽ സ്വദേശിയായ കൈൽ ഡഗ്ലസ് പ്രൗസ് (53) ആണ് പ്രതിയെന്ന് ടൊറൻ്റോ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചു. മോഷണത്തിന് ശേഷം ഇയാൾ ഒരു വെള്ള വാനിലാണ് രക്ഷപ്പെട്ടത്. പിന്നീട് ഈ വാൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും അവിടെ നിന്ന് കറുത്ത ഹോണ്ട അക്കോർഡ് കാറിൽ ഇയാൾ കടന്നുകളയുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ മാളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും മണിക്കൂറുകളോളം മാൾ അടച്ചിടുകയും ചെയ്തു. ഹോമിസൈഡ് വിഭാഗം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതി ആസൂത്രിതമായാണ് മോഷണത്തിനെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു