കാനഡയുടെ ഔദ്യോഗിക തപാൽ സേവനമായ കാനഡ പോസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. 2025-ൽ മാത്രം 1.57 ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് നഷ്ടം ഏകദേശം ഇരട്ടിയായി വർധിച്ചു. പാഴ്സൽ സർവീസിലുണ്ടായ 32.6 ശതമാനത്തിൻ്റെ കുറവാണ് തിരിച്ചടിക്ക് പ്രധാന കാരണം. തൊഴിൽ സമരങ്ങളെത്തുടർന്ന് ഉപഭോക്താക്കൾ സ്വകാര്യ കൊറിയർ കമ്പനികളെ ആശ്രയിച്ചതോടെ വരുമാനത്തിൽ 315 മില്യൺ ഡോളറിൻ്റെ ഇടിവുണ്ടായി. രാജ്യവ്യാപകമായി നടന്ന സമരങ്ങൾ തപാൽ സേവനത്തെ സാരമായി ബാധിച്ചു.
കഴിഞ്ഞ വർഷം അവസാനത്തോടെ സമരക്കാരുമായി യൂണിയനുകൾ താൽക്കാലിക കരാറിലെത്തിയിരുന്നു. നിലവിൽ യൂണിയൻ അംഗങ്ങൾ പുതിയ കരാറുകളിൽ വോട്ട് രേഖപ്പെടുത്തിവരികയാണ്. കാനഡ പോസ്റ്റിന്റെ അനുബന്ധ സ്ഥാപനമായ പ്യൂറോളേറ്റർ 256 മില്യൺ ഡോളർ ലാഭം ഉണ്ടാക്കിയത് നഷ്ടത്തിൻ്റെ ആക്കം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം മറികടക്കാൻ അടിയന്തര നവീകരണം ആവശ്യമാണെന്ന് കാനഡ പോസ്റ്റ് വ്യക്തമാക്കി. നാല് ദശലക്ഷം വിലാസങ്ങളിലേക്കുള്ള നേരിട്ടുള്ള വിതരണം നിർത്തലാക്കാനും ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനും നീക്കമുണ്ട്. കൂടാതെ, ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താനും തപാൽ വിതരണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും തീരുമാനിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഫെഡറൽ സർക്കാർ ഒരു ബില്യൺ ഡോളർ വായ്പ അനുവദിച്ചിട്ടുണ്ട്. കാനഡ പോസ്റ്റിൻ്റെ നിലനിൽപ്പിന് വലിയ തോതിലുള്ള മാറ്റങ്ങൾ അനിവാര്യമാണെന്നാണ് സർക്കാരും കമ്പനിയും ഒരേപോലെ വ്യക്തമാക്കുന്നത്.