കാനഡയിലെ ഇൻ്റർനാഷണൽ സ്‌റ്റുഡൻ്റ് പ്രോഗ്രാമിലെ സുരക്ഷാ ക്രമീകരണങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലും ഗുരുതരമായ പോരായ്മകൾ നിലനിൽക്കുന്നതായി ഓഡിറ്റർ ജനറലിൻ്റെ പുതിയ റിപ്പോർട്ട്. പഠന വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളെ കണ്ടെത്തുന്നതിലോ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിലോ ഇമിഗ്രേഷൻ വകുപ്പ് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023-24 കാലയളവിൽ വിസ നിബന്ധനകൾ ലംഘിച്ചതായി സംശയിക്കുന്ന 1,53,000 വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭ്യമായിട്ടും, പ്രതിവർഷം ശരാശരി 2,000 കേസുകളിൽ മാത്രമാണ് അധികൃതർക്ക് അന്വേഷണം നടത്താൻ സാധിച്ചത്. ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണെന്ന് സമ്മതിച്ച സർക്കാർ, വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. വ്യാജ രേഖകൾ ഉപയോഗിച്ച് വിസ നേടിയവരെ തിരിച്ചറിയുന്നതിലും നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിലും കാതലായ മാറ്റങ്ങൾ വരുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ദിയാബ് ഉറപ്പുനൽകി.
രാജ്യത്തെ കുടിയേറ്റ നിയമങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ പരിശോധനകൾ കൂടുതൽ കർശനമാക്കും. ഇതിൻ്റെ ഭാഗമായി ഡാറ്റാ ഷെയറിംഗ് സംവിധാനങ്ങൾ പരിഷ്കരിക്കാനും നിയമലംഘകർക്ക് എതിരെ കൃത്യമായ നടപടി ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യം വിടാൻ ഉത്തരവ് ലഭിച്ചവരിൽ ഭൂരിഭാഗം പേരും കാനഡയിൽ തന്നെ തുടരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.