വടക്കെ അമേരിക്കൻ മേഖലയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി എയർ ഇന്ത്യ കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റുമായി കരാറിലേർപ്പെടുന്നു. ഈ ഇൻ്റർലൈൻ കരാർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ടൊറൻ്റോ, വാൻകൂവർ എന്നീ നഗരങ്ങൾക്കപ്പുറത്തേക്ക് കാനഡയിലെയും അമേരിക്കയിലെയും വിവിധയിടങ്ങളിലേക്ക് ഒരൊറ്റ ടിക്കറ്റിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കും. യാത്രക്കാർക്ക് അവരുടെ ലഗേജുകൾ നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഏകോപിത ലഗേജ് ഹാൻഡ്‌ലിംഗ് സംവിധാനവും ഈ കരാറിൻ്റെ ഭാഗമാണ്.
എയർ ഇന്ത്യയുടെ യൂറോപ്യൻ കേന്ദ്രങ്ങളായ ലണ്ടൻ, പാരിസ്, ആംസ്റ്റർഡാം എന്നിവ വഴി കാനഡയിലെ പ്രമുഖ നഗരങ്ങളിലേക്ക് വെസ്റ്റ്ജെറ്റ് വിമാനങ്ങളിൽ കണക്ഷൻ സർവീസുകളും ലഭ്യമാകും. കാനഡയിലെ 17 പ്രധാന നഗരങ്ങളിലേക്കും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ്, അറ്റ്‌ലാൻ്റ ഉൾപ്പെടെയുള്ള 14 നഗരങ്ങളിലേക്കും ഈ സേവനം വഴി യാത്രക്കാർക്ക് എത്തിച്ചേരാനാകും. ഇന്ത്യയും കാനഡയും തമ്മിലുള്ള ശക്തമായ വ്യാപാര-സാംസ്കാരിക ബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ നീക്കം വിപണിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് എയർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു.
നിലവിൽ ആഴ്ചയിൽ 17 നോൺ-സ്റ്റോപ്പ് വിമാനങ്ങളാണ് എയർ ഇന്ത്യ കാനഡയിലേക്ക് നടത്തുന്നത്. വെസ്റ്റ്ജെറ്റുമായുള്ള ഈ സഹകരണം വടക്കേ അമേരിക്കൻ വിപണിയിലെ തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാർക്ക് എയർ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയും അംഗീകൃത ട്രാവൽ ഏജന്റുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.