പി പി ചെറിയാന്‍
കുപ്പര്‍ട്ടിനോ: (കാലിഫോര്‍ണിയ): ആപ്പിളിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിലവിലെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടെര്‍നസിനെ നിയമിച്ചു. 2026 സെപ്റ്റംബര്‍ 1 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. നിലവിലെ സി.ഇ.ഒ ടിം കുക്ക് ആപ്പിളിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സ്ഥാനമേല്‍ക്കും.
2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന ജോണ്‍ ടെര്‍നസ്, ഐപാഡ്, ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവയുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.
ഭരണകൂടങ്ങളുമായുള്ള ആശയവിനിമയം ഉള്‍പ്പെടെയുള്ള കമ്പനിയുടെ സുപ്രധാന കാര്യങ്ങളില്‍ ടിം കുക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. 2011-ല്‍ സി.ഇ.ഒ ആയി ചുമതലയേറ്റ കുക്കിന് കീഴില്‍ ആപ്പിളിന്റെ വിപണി മൂല്യം 350 ബില്യണ്‍ ഡോളറില്‍ നിന്ന് 4 ട്രില്യണ്‍ ഡോളറിലേക്ക് കുതിച്ചിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ചെയര്‍മാനായിരുന്ന ആര്‍തര്‍ ലെവിന്‍സണ്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 'ലീഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍' ആയി പ്രവര്‍ത്തിക്കും.
കമ്പനിയുടെ പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ടെര്‍നസ് എന്ന് ടിം കുക്ക് പ്രതികരിച്ചു. ഇതിഹാസ താരം സ്റ്റീവ് ജോബ്‌സിനൊപ്പവും ടിം കുക്കിനൊപ്പവും പ്രവര്‍ത്തിച്ച പരിചയം ആപ്പിളിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്ന് ടെര്‍നസും വ്യക്തമാക്കി.