കാനഡയിലെ എണ്ണ വ്യവസായ രംഗത്തെ പ്രമുഖർ പരിസ്ഥിതിക്കും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണെന്ന് മുൻ പരിസ്ഥിതി മന്ത്രി കാതറിൻ മക്കെന്ന. മോൺട്രിയൽ കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അവർ എണ്ണക്കമ്പനികൾക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.
കഴിഞ്ഞ വർഷം പുറത്തുവന്ന ഹരിതഗൃഹ വാതക കണക്കുകൾ പ്രകാരം കാനഡയിൽ മലിനീകരണം വർദ്ധിപ്പിച്ച ഏക മേഖല എണ്ണ-വാതക ഉൽപ്പാദനമാണെന്ന് മക്കെന്ന ചൂണ്ടിക്കാട്ടി. ഈ കമ്പനികൾ അമിതമായ ലാഭം കൊയ്യുമ്പോഴും മലിനീകരണം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും, പകരം നികുതിദായകരുടെ പണം സബ്‌സിഡിക്കായി ആവശ്യപ്പെടുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന വിദേശികളാണ് ഈ കമ്പനികളുടെ ഉടമസ്ഥരെന്നും ലാഭവിഹിതം മുഴുവൻ വിദേശ ഷെയർ ഹോൾഡർമാർക്കാണ് പോകുന്നതെന്നും മക്കെന്ന പറഞ്ഞു. ആഗോളതലത്തിൽ രാജ്യം പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ കാനഡ എന്തിനാണ് ഫോസിൽ ഇന്ധനങ്ങളിൽ ഇനിയും കടിച്ചു തൂങ്ങുന്നതെന്ന് അവർ ചോദിച്ചു. എണ്ണക്കമ്പനികൾ നടത്തുന്ന 'ഗ്രീൻ വാഷിംഗ്' പ്രവർത്തനങ്ങളെയും അവർ വിമർശിച്ചു. വൈദ്യുത വാഹനങ്ങളും ഹീറ്റ് പമ്പുകളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ കാനഡയുടെ സാമ്പത്തിക മത്സരക്ഷമത നിലനിർത്താൻ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.