2026-ൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Apr 20, 2026, 12:59 PM

 

 
​ടൈം മാഗസിൻ പുറത്തിറക്കിയ 2026-ലെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി ഇടംപിടിച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡൻ്റ് ക്രിസ്റ്റിൻ ലഗാർഡെയാണ് പട്ടികയിലെ ലീഡേർസ് വിഭാഗത്തിലേക്ക് കാർണിയെ നാമനിർദ്ദേശം ചെയ്തത്. ലോക സാമ്പത്തിക ഫോറത്തിൽ അദ്ദേഹം നടത്തിയ പ്രശസ്‌തമായ പ്രസംഗവും അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനവുമാണ് ഈ അംഗീകാരത്തിന് പിന്നിൽ.

ബാങ്കിംഗ് ലോകത്തെ 'റോക്ക് സ്റ്റാർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർണി, 2025 മാർച്ചിൽ ലിബറൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത ശേഷമാണ് അധികാരത്തിലെത്തിയത്. നിലവിലെ ആഗോള സഹകരണ മാതൃകകൾ പരാജയപ്പെടുന്ന ഘട്ടത്തിൽ പുതിയ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ലഗാർഡെ പ്രത്യാശ പ്രകടിപ്പിച്ചു.
​അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കൊപ്പമാണ് കാർണി പട്ടികയിൽ സ്ഥാനം പിടിച്ചത്. "പഴയ ക്രമം തിരിച്ചുവരില്ലെന്നും ആഗോള തകർച്ചയിൽ നിന്ന് ശക്തമായ പുതിയൊന്ന് കെട്ടിപ്പടുക്കണമെന്നും" ദാവോസിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ ട്രംപ് ഭരണകൂടം അദ്ദേഹത്തിൻ്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മുൻപ് ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള കാർണി, 2016-ൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം ടൈം പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ കനേഡിയൻ പ്രധാനമന്ത്രിയാവുകയാണ്. കാനഡയുടെ ആഗോള പ്രതിച്ഛായ ഉയർത്തുന്നതിൽ കാർണിയുടെ നയതന്ത്ര നീക്കങ്ങൾ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.