കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവെപ്പ്: ആറാം വാർഷികത്തിൽ വിങ്ങലോടെ നോവ സ്കോഷ്യ

By: 600110 On: Apr 20, 2026, 11:07 AM

കാനഡ കണ്ട ഏറ്റവും ദാരുണമായ കൂട്ടക്കൊലയുടെ ആറാം വാർഷികത്തിൽ ദുഃഖം ആചരിച്ച് നോവ സ്കോഷ്യ പ്രവിശ്യ . 2020-ൽ നടന്ന ക്രൂരമായ വെടിവെപ്പിൽ കൊല്ലപ്പെട്ട 22 പേരുടെ സ്മരണയ്ക്ക് മുന്നിൽ രാജ്യം  ആദരാഞ്ജലി അർപ്പിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഉദ്യോഗസ്ഥൻ്റെ വേഷം ധരിച്ചെത്തിയ ഗബ്രിയേൽ വോർട്ട്മാൻ എന്ന അക്രമി 13 മണിക്കൂറോളം നടത്തിയ ആക്രമത്തിൽ ഒരു കൗമാരക്കാരനും ഗർഭിണിയും പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടെയുള്ളവർക്കാണ് ജീവൻ നഷ്ടമായത്.

പോർട്ടാപിക് എന്ന ഗ്രാമത്തിൽ സ്വന്തം പങ്കാളിയെ ക്രൂരമായി മർദ്ദിച്ചുകൊണ്ട് ആരംഭിച്ച അക്രമം പിന്നീട് അയൽക്കാരിലേക്കും വഴിയാത്രക്കാരിലേക്കും നീളുകയായിരുന്നു. ഒടുവിൽ ഹാലിഫാക്സിന് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രതി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഈ സംഭവത്തെത്തുടർന്ന് രൂപീകരിച്ച  അന്വേഷണ കമ്മീഷൻ, കനേഡിയൻ പോലീസിംഗ് സംവിധാനത്തിലും ഗാർഹിക പീഡന നിയമങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തുന്നതിനായി നൂറിലധികം നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഈ പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തുന്ന സമിതിയുടെ അധ്യക്ഷ മൈറ ഫ്രീമാൻ, ഈ ദുരന്തം പ്രവിശ്യയിലെ ജനങ്ങളുടെ ജീവിതത്തെയും സുരക്ഷാ ബോധത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ചതായി പറഞ്ഞു.

ആദരസൂചകമായി പ്രവിശ്യയിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടാൻ പ്രീമിയർ ടിം ഹൂസ്റ്റൺ ഉത്തരവിട്ടു. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അതിജീവിച്ചവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവിശ്യയിലുടനീളം അനുസ്മരണ ചടങ്ങുകൾ നടന്നു വരികയാണ്.