'പി പി നമ്പർ ' പ്രതാപ് ചന്ദ്ര ദേവ് എഴുതുന്ന കഥ.

By: 600020 On: Oct 2, 2021, 5:04 PM

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും ഇതേ ഓഫീസിൽ.. ജോലികിട്ടിയപ്പോൾ ആദ്യമായി ജോയിൻ ചെയ്തത് ഇവിടെത്തന്നെയായിരുന്നു..! അന്ന് ലോവർ ഡിവിഷൻ ക്ലാർക്കായിരുന്നെങ്കിൽ ഇന്ന് ഹെഡ് ക്ലാർക്ക് എന്നു മാത്രം. കുറേ നല്ല ഓർമ്മകൾ സമ്മാനിച്ച ഓഫീസ്. അതിൻ്റെ കുടെ കണ്ണുനീരിൻ്റെ ഒരു ഓർമ്മയായി മനുവും. മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ഒരു സർക്കാർ ജോലി കിട്ടിയത്. കല്യാണ പ്രായം എത്തി നിൽക്കുന്ന ഇളയ രണ്ടു സഹോദരിമാരുടെയും തയ്യൽ മെഷീൻ ചവിട്ടി ചവിട്ടി നടുവൊടിയാറായ അമ്മയുടെയും പ്രതീക്ഷകൾ തോളിലേറ്റിയാണ് രൂപൻ അന്ന് ഇവിടേയ്ക്ക് വന്നത്. അയാൾ പത്താം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ്റെ മരണം. ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ദിവസ വേതനക്കാരനായ അച്ഛന് മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിച്ചു വയ്ക്കാൻ കഴിഞ്ഞില്ല.

ആകെ ഉണ്ടായിരുന്ന മൂന്നു സെൻ്റും വീടും വിറ്റ്, മൂത്ത സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അമ്മയെയും ഇളയ സഹോദരിമാരെയും കൊണ്ട് വാടക വീട്ടിലേയ്ക്ക് മാറി. അമ്മയുടെ തയ്യൽ ജോലിയും അയാളുടെ ട്യൂഷൻ പഠിപ്പിക്കലും വീട്ടിലെ പട്ടിണി ഒഴിവാക്കാനും ഇളയ സഹോദരിമാര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും സാധിച്ചെങ്കിലും സ്വന്തമായി ഒരു വീടും അനിയത്തിമാരുടെ കല്ല്യാണവും സ്വപ്നമായി തന്നെ നിൽക്കുകയായിരുന്നു. അന്ന് ജോലിയിൽ പ്രവേശിച്ചപ്പോൾ അയാൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് ഒരനിയനെപ്പോലെ മനു ഇവിടെയുണ്ടായിരുന്നു.

ഓഫീസിലെ പ്യൂണായിരുന്നു മനു. രൂപനേക്കാൾ നന്നേ ചെറുപ്പം. എപ്പോഴും ചിരിച്ച മുഖത്തോടു കൂടിയേ അവനെ കണ്ടിട്ടുള്ളു. ഓഫീസിൽ വരുമ്പോൾ അവൻ്റെ കയ്യിൽ ഉച്ചഭക്ഷണത്തിൻ്റെ ഒരു പൊതി കൂടെ ഉണ്ടാവും അത് രൂപനു വേണ്ടിയായിരുന്നു. ഇതിനൊക്കെ വീട്ടുകാരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നതെന്ന് ചോദിക്കുമ്പോൾ

"ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ ചേട്ടാ.. എനിക്കെന്തായാലും കൊണ്ടുവരണമല്ലോ.. അതിൻ്റെ കൂടെ ഒരു പൊതി കൂടെ എടുക്കുന്നത് ആനക്കാര്യമാണോ..? "

ഹോട്ടൽ ഭക്ഷണം ഇഷ്ടപ്പെടാതിരുന്ന രൂപന് വളരെ രുചികരമായ ഭക്ഷണമായിരുന്നു ആ പൊതികളിൽ.. ഒരിക്കൽ മനു കൊണ്ടുവന്ന മാമ്പഴ പുളിശ്ശേരിയുടെയും കണ്ണിമാങ്ങ അച്ചാറിൻ്റെയും രുചിയെപ്പറ്റി രൂപൻ ഒത്തിരി പുകഴ്ത്തിപ്പറഞ്ഞു. അപ്പോൾ മനു പറഞ്ഞു

"ഇതിൻ്റെ ക്രെഡിറ്റ് എൻ്റെ അമ്മയ്ക്കല്ല.. ഇത് സംഗീതേച്ചിയുടെ സ്പെഷ്യൽ ആണ്. ഇന്നലെ അവരുടെ അച്ഛൻ്റെ ജന്മദിനം ആയിരുന്നു.. ചോറും കറികളും പായസവുമെല്ലാം ഇന്നലെ അവിടെ നിന്നായിരുന്നു. അച്ചാറും കറിയും ഇല്ലാതാകാത്തതു കൊണ്ട് ഇന്നത്തെ പൊതിയിൽക്കൂടെ അതും എടുത്തു. ഞാൻ പറഞ്ഞേക്കാം സംഗീതേച്ചീയോട് ഇവിടെ ഒരാൾക്ക് ചേച്ചിയുടെ പാചകം വളരെ ഇഷ്ടപ്പെട്ടെന്ന്.. "

അടുത്ത വീട്ടിലെ സംഗീതയെപ്പറ്റി തരം കിട്ടുമ്പോഴൊക്കെ അവൻ പുകഴ്ത്തിപ്പറയാറുണ്ട്. അവൻ്റെ തൊട്ടയൽപക്കത്തെ വീട്ടിലെ ജന്മി നീലകണ്ഠൻ പിള്ളയുടെ മകളാണ് സംഗീത. മൂന്നു പെൺമക്കളിൽ ഏറ്റവും ഇളയവൾ. രണ്ടു ചേച്ചിമാരും വളരെ നേരത്തേ വിവാഹം കഴിഞ്ഞു പോയി. അവൾക്ക് വയസ്സ് ഇരുപത്തെട്ടായെങ്കിലും വിവാഹിതയല്ല. ജാതകത്തിൽ ചെറിയ ദോഷങ്ങളുണ്ടു പോലും. അതിന് യോജിച്ചു വരുന്ന പൊരുത്തമുള്ള ആൾക്കേ അവളെ കല്യാണം കഴിച്ചു കൊടുക്കുകയുള്ളുവെന്ന് വീട്ടുകാർക്ക് നിർബന്ധം. പക്ഷെ ഇതൊന്നും അവൾക്ക് പ്രശ്നമല്ല.

ഹോം സയൻസ് ബിരുദധാരിയായ അവൾ പാചക പരീക്ഷണങ്ങൾ നടത്തിയും അയൽപക്കത്തെ പിള്ളാരുമായി കളിച്ചും അങ്ങനെ ജോളിയായി നടക്കുന്നു. സൂപ്രണ്ട്, ക്യാബിനിലേക്ക് വിളിപ്പിച്ചപ്പോൾ രൂപൻ ഓർമ്മയിൽ നിന്ന് ഉണർന്നു. സൂപ്രണ്ടിൻ്റെ ക്യാബിനിൽ നിന്ന് പുറത്തു വന്നപ്പോൾ പണ്ട് താൻ ജോലി ചെയ്തിരുന്ന ഇരിപ്പിടം അയാൾ ശ്രദ്ധിച്ചു. അതേ തടിക്കസേരയും മേശയും. കസേരയിൽ വരിഞ്ഞിരുന്ന വയറുകളുടെ നിറം മാറിയിരിക്കുന്നു. പക്ഷെ ആ പഴയ തടി മേശ അതുപോലെത്തന്നെയുണ്ട്.

സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. ആ സീറ്റിലെ എൽ ഡി സി ഇന്ന് ലീവാണ്. കാലുകൾ അറിയാതെ അങ്ങോട്ട് ചലിച്ചു. നേരെ ചെന്ന് ആ കസേരയിലിരുന്നു. മൂന്നു വർഷത്തോളം ജോലി ചെയ്തിരുന്ന ഇരിപ്പിടം. അപ്പോഴാണ് രൂപൻ അത് ശ്രദ്ധിച്ചത്. പണ്ട് താൻ പേന കൊണ്ട് മേശയിൽ എഴുതിയിരുന്ന ഒരു നമ്പർ ഇന്നും മായാതെ അതിൽ കിടക്കുന്നു. മനുവിൻ്റെ PP നമ്പർ ! പെട്ടെന്ന് ഒരു ഉൾപ്രേരണപോലെ ആ നമ്പർ ഒരു പേപ്പറിൽ കുറിച്ചെടുത്തു. അതുമായി നേരെ അയാളുടെ സീറ്റിൽ വന്നിരുന്നു.

വളരെക്കാലം കാണാപ്പാഠം ആയിരുന്നു ആ നമ്പർ. പിന്നെ എപ്പോഴോ മറന്നുപോയി. പണ്ട് ഇവിടെ ആയിരുന്ന സമയത്ത് എന്തെങ്കിലും ആവശ്യത്തിന് മനുവിനെ വിളിച്ചിരുന്നത് ഈ നമ്പറിൽ ആയിരുന്നു. മനുവിന്റെ വീട്ടിൽ ഫോൺ ഇല്ലാത്തതുകൊണ്ട് പകരം തന്ന നമ്പർ ആയിരുന്നു അത്. തൊട്ടടുത്ത വീട്ടിലേത്. അതിൽ വിളിക്കുമ്പോൾ അറ്റൻ്റ് ചെയ്യുന്ന സ്വരം വളരെ മനോഹരമായിരുന്നു. ഒരു പെൺകുട്ടിയുടെ. ആ ശബ്ദത്തിൻ്റെ ഉടമ സംഗീതയാണെന്ന് മനു പറഞ്ഞറിഞ്ഞു. മനുവിനെ ആവശ്യപ്പെടുമ്പോൾ യാതൊരു വൈമനസ്യവും കൂടാതെ പെട്ടെന്ന് വിളിച്ചു കൊടുക്കും. അയാളുടെ സ്വരം കേൾക്കുമ്പോൾ തന്നെ അതാരാണെന്ന് അവൾക്കറിയാം.

വളരെ താല്പര്യത്തോടെയാണ് അവൾ ആ ഫോൺ അറ്റൻ്റ് ചെയ്തിരുന്നത്. ആ മധുര സ്വരം കേൾക്കാനായി നിസ്സാര കാര്യങ്ങൾക്കുവരെ ആ നമ്പരിലേയ്ക്ക് വിളിച്ചുതുടങ്ങി. ചിലപ്പോൾ മനു അവിടെ ഇല്ലാ എന്നറിഞ്ഞിട്ടും വിളിക്കാറുണ്ട്. മനുവിനെ അറിയിക്കാനായി പറഞ്ഞേല്പിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി അറിയിച്ചിരുന്നു. ഒരിക്കൽ മനു അയാളോട് ചോദിച്ചു.

" ചേട്ടൻ ഫോണിലൂടെ സംഗീതേച്ചിയുമായി നല്ല പരിചയമായല്ലേ..? ചേട്ടന് പത്ത് മുപ്പത്തിനാലു വയസ്സായിട്ടും കല്യാണമൊന്നും കഴിഞ്ഞിട്ടില്ലല്ലോ.. നമുക്ക് സംഗീതേച്ചിയെ ഒന്നാലോചിച്ചാലോ.. ചേച്ചി നല്ല സുന്ദരിയാ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയായിരിക്കും.."

ഉത്തരം ഒരു പുഞ്ചിരിയിൽ മാത്രം ഒരുക്കി. ഒരു ദിവസം മനു അയാളുടെ ഒരു ഫോട്ടോ ചോദിച്ചു വാങ്ങി. പിറ്റേ ദിവസം വളരെ സന്തോഷത്തോടെയാണ് മനു ഓഫീസിലേയ്ക്ക് വന്നത്.

" ചേട്ടൻ്റെ ഫോട്ടോ ഞാൻ സംഗീതേച്ചിയെ കാണിച്ചു. ഒത്തിരി നേരം ചേച്ചി ആ ഫോട്ടോയിൽത്തന്നെ നോക്കിയിരുന്നു. ഞാൻ തിരികെ വാങ്ങിയില്ല. പിന്നെ വാങ്ങിക്കോളാമെന്ന് പറഞ്ഞു. എന്തായാലും പുള്ളിക്കാരിക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്നാ തോന്നുന്നത്.. "

"അതു ശരി.. അപ്പോൾ അതിനാണ് ഫോട്ടോ വാങ്ങിയത്..? എന്തായാലും വളരെ മോശമായിപ്പോയി " അബദ്ധം പറ്റിയോ എന്ന രീതിയിൽ അയാളെ നോക്കിയ മനുവിനോട് രൂപൻ പറഞ്ഞു

"എൻ്റെ ഫോട്ടോ കൊണ്ടു കാണിക്കാൻ നീ കാണിച്ച ഉത്സാഹം എന്തുകൊണ്ട് തിരിച്ച് കാണിച്ചില്ല. ഞാനും നിൻ്റെ സംഗീതേച്ചിയെ കണ്ടിട്ടില്ലല്ലോ.. എന്തുകൊണ്ടാ അവളുടെ ഫോട്ടോ എന്നെ കാണിക്കാത്തത്?"

ചിരിച്ചു കൊണ്ട് മനു പറഞ്ഞു. " ഫോട്ടോയുടെ ആവശ്യമില്ലല്ലോ.. സംഗീതേച്ചിയെ കാണണമെങ്കിൽ എൻ്റെ വീട്ടിൽ വന്നാൽ പോരെ? ഈ ഞായറാഴ്ച എൻ്റെ വീട്ടിൽ വരാമോ?"

സന്തോഷത്തോടെ വരാമെന്ന് പറയാൻ പോയ അയാൾ പെട്ടെന്ന് മൗനം പാലിച്ചു. അയാളുടെ മനസ്സിൽ അപ്പോൾ തൻ്റെ അനിയത്തിമാരുടെ മുഖങ്ങൾ തെളിഞ്ഞു വന്നു. ഇല്ല. അവരെ ഒരു കരയ്ക്കെത്തിക്കുന്നതുവരെ തൻ്റെ ജീവിതത്തെപ്പറ്റി ചിന്തിച്ചു കൂടാ. എന്ന് അയാൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.

ആ ഞായറാഴ്ച രൂപൻ, മനുവിൻ്റെ വീട്ടിലേയ്ക്ക് പോയില്ല. പിന്നീട് പലവട്ടം മനു, അയാളെ തൻ്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. രൂപൻ പോയില്ല. ഒരിക്കൽ ക്ഷമകെട്ട് മനു പറഞ്ഞു

"ഇനി ഞാൻ ചേട്ടനെ വീട്ടിലേക്ക് വിളിക്കില്ല.. "

പീന്നീടവൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല.. പക്ഷെ ക്ഷണിക്കാതെ തന്നെ രൂപന് മനുവിൻ്റെ വീട്ടിലേയ്ക്ക് പോകേണ്ടി വന്നു.. ഒറ്റയ്ക്കല്ല.. കൂടെ മറ്റു സഹപ്രവർത്തകരും ഉണ്ടായിരുന്നു.. അന്ന് അയാളെ സ്വീകരിക്കാനായി ചിരിക്കുന്ന മുഖവുമായി മനു വന്നില്ല.. അവൻ അവിടെ കട്ടിലിൽ വെള്ള തുണി പുതച്ച് കിടക്കുകയായിരുന്നു.. പാമ്പുകടിയേറ്റുള്ള മരണം. ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നതിനു മുമ്പേ തന്നെ...

രൂപൻ അന്നവിടെയായൊന്നും കണ്ടില്ല.. മനുവിൻ്റെ ചലനമറ്റ ശരീരത്തെ കെട്ടിപ്പിടിച്ചു കരയുന്ന അവൻ്റെ അമ്മയെയും അനിയത്തിയെയും ബന്ധുക്കളെയും അയൽപക്കക്കാരെയും സംഗീതയെയും.. ആരെയും.. അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ ചേട്ടായെന്നു വിളിച്ചു കൊണ്ട് നിറചിരിയോടെ വരുന്ന, ഭക്ഷണപ്പൊതി നീട്ടുന്ന, മനു മാത്രമായിരുന്നു..

തികച്ചും യാന്ത്രികമായി സഹപ്രവർത്തകർക്കൊപ്പം അയാൾ വന്നു.. തിരിച്ചുപോയി.. പിന്നീട് അയാൾ ആ PP നമ്പറിലേയ്ക്ക് വിളിച്ചിട്ടില്ല.. താമസ്സിയാതെ നാട്ടിലേയ്ക്ക് സ്ഥലം മാറ്റവുമായി.. പിന്നെ തൻ്റെ കടമകളിലേയ്ക്ക് തിരിയുകയായിരുന്നു.. അനിയത്തിമാരുടെ കല്യാണം കഴിഞ്ഞു.. ചെറുതാണെങ്കിലും നല്ല ഭംഗിയും സൗകര്യവുമുള്ള ഒരു വീടു വച്ച് അമ്മയുമായി അങ്ങോട്ടു മാറി.. അമ്മയുടെ സന്തോഷം കൺ നിറയെ കണ്ടു.. തൻ്റെ വിവാഹം നടക്കാത്തതിലുള്ള അമ്മയുടെ ദു:ഖവും.. ഒരിക്കൽ അമ്മ നിർബന്ധിച്ചു പറഞ്ഞേല്പിച്ച ദല്ലാളുമായി ഒരു പെണ്ണുകാണാൻ പോയി. പെണ്ണിൻ്റെ അച്ഛൻ ചോദിച്ചപ്പോൾ, ബ്രോക്കർ കണ്ണു കാണിച്ചിട്ടും യഥാർത്ഥ പ്രായം പറഞ്ഞു.. പെൺകുട്ടിയെപ്പോലും അവർ കാണിച്ചില്ല.. പ്രായം കുറച്ചു വച്ച് പുതിയ ജാതകം ഉണ്ടാക്കാനുള്ള ആശയവുമായി വന്ന ബോക്കറെ ഓടിച്ചു വിട്ടു.. ഇനി വിഡ്ഢിവേഷം കെട്ടണ്ട എന്ന തീരുമാനവും എടുത്തു..

തൻ്റെ മകന് ഒരു പങ്കാളിയെ കിട്ടിയില്ലല്ലോ എന്നോർത്ത് വിഷമിച്ചു കഴിഞ്ഞിരുന്ന അമ്മയും കഴിഞ്ഞ വർഷം രൂപനെ വിട്ടു പോയി.. അയാൾ യാന്ത്രികമായ തൻ്റെ ഔദ്യോഗിക ജീവിതത്തിലേക്ക് മാത്രം ഒതുങ്ങി.. വെറുതെയൊന്ന് ഈ നമ്പറിലേയ്ക്ക് വിളിച്ചു നോക്കിയാലോ എന്ന് അയാൾ മനസ്സിൽ ആലോചിച്ചു. ഇത്രയും കാലമായില്ലേ നമ്പരെല്ലാം മാറിക്കാണും എന്ന് തോന്നിയെങ്കിലും അയാൾ തൻ്റെ മേശപ്പുറത്തുള്ള ലാൻ്റ് ഫോണിൽ നിന്ന് ആ നമ്പർ ഡയൽ ചെയ്തു നോക്കി. ഒരനക്കവുമില്ല. വീണ്ടും ശ്രമിച്ചു. നമ്പർ നിലവിലില്ലായെന്ന അറിയിപ്പ് കിട്ടി. അപ്പോഴാണ് രൂപൻ ആ നമ്പർ വീണ്ടും ശ്രദ്ധിച്ചത്.

അതിൽ ആറ് ഡിജിറ്റേയുള്ളു. ഇപ്പോൾ ലാൻ്റ് ഫോൺ നമ്പർ ഏഴ് ഡിജിറ്റ് ആക്കിയല്ലോ എന്നയാൾ ഓർത്തു. തുടക്കത്തിൽ രണ്ടു കൂടെ ചേർത്ത് വീണ്ടും ഡയൽ ചെയ്തു നോക്കി.. മറുവശത്ത് ഫോൺ റിംഗ് ചെയ്തപ്പോൾ ആ ശബ്ദത്തിനനുസരിച്ച് അയാളുടെ ഹൃദയവും മിടിക്കാൻ തുടങ്ങി.. മറുതലയ്ക്ക് ഫോൺ അറ്റൻ്റ് ചെയ്ത ശബ്ദം കേട്ടപ്പോൾ അയാൾ വല്ലാത്ത ഒരവസ്ഥയിലായിപ്പോയി.. പണ്ടു കേട്ടിരുന്ന അതേ മധുര സ്വരം..!

അപ്പുറത്ത് നിന്ന് ഹലോ ഹലോ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടും അയാൾക്ക് മിണ്ടാനായില്ല. പെട്ടെന്ന് അയാൾ ഫോൺ തിരികെ വച്ചു. സംഗീത കല്യാണമൊക്കെ കഴിഞ്ഞ് ആ വീട്ടിൽ നിന്ന് പോയിരിക്കുമെന്നാണ് അയാൾ വിചാരിച്ചിരുന്നത്. അപ്രതീക്ഷിതമായി അവളുടെ ശബ്ദം തന്നെ കേട്ടപ്പോൾ അയാൾക്ക് വീർപ്പുമുട്ടൽ ഉണ്ടായിപ്പോയതാണ്. ചിലപ്പോൾ കല്യാണം കഴിഞ്ഞ് ഭർത്താവും മക്കളുമായി ആ വീട്ടിൽത്തന്നെ താമസ്സിക്കുകയായിരിക്കും.. അയാൾ വിചാരിച്ചു. ഇനി വിളിക്കണ്ടായെന്ന് വിചാരിച്ചെങ്കിലും പിറ്റേന്ന് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ആ നമ്പരിലേക്ക് വിളിച്ചു.

ഇത്തവണയും അവളാണ് ആ ഫോൺ അറ്റൻ്റ് ചെയ്തത്.. ' രൂപൻ തിരിച്ച് സംസാരിച്ചു..

" ഇത് പണ്ട് ഞാൻ കുറിച്ചിട്ടിരുന്ന ഒരു പിപി നമ്പരാണ്. മരിച്ചു പോയ മനുവിൻ്റെ കോൺടാക്ട് നമ്പർ ആയിട്ട്.. "

"ശബ്ദം കേട്ടപ്പോൾ മനസ്സിലായി.. സുഖമാണോ?"

"അതേ.. സുഖം.. മനുവിൻ്റെ അമ്മയും അനിയത്തിയുമൊക്കെ..?"

"ആ കൊച്ചിനു ജോലി കിട്ടി. കല്യാണവും കഴിഞ്ഞു.. അവർ രണ്ടു വർഷത്തിനു മുൻപ് ഈ സ്ഥലം വിറ്റ് പോയി. മനൂട്ടനെ സംസ്കരിച്ച ഭാഗത്തെ ഒരു സെൻ്റ് സ്ഥലം മാത്രം നീക്കിയിട്ടിട്ട്.. "

"ആ സ്ഥലം എനിക്കൊന്നു കാണണമെന്നുണ്ടായിരുന്നു. അങ്ങോട്ടു വന്നാൽ ഒന്നു കാണാൻ..?"

" വന്നോളൂ.. ഞങ്ങളുടെ മതിലിനോട് ചേർന്നാണ് ആ സ്ഥലം.. എപ്പോഴാ വരുന്നത് ?"

"നാളെ ഞായറാഴ്ചയാണല്ലോ.. ഞാൻ ഒരു പതിനൊന്നു മണി കഴിഞ്ഞ് അങ്ങോട്ടു വന്നാലോ..?"

"പിന്നെന്താ വന്നോളൂ.. "

രൂപൻ നാട്ടിൽ നിന്ന് ബൈക്ക് കൊണ്ടു വന്നിട്ടില്ലായിരുന്നു. കോർട്ടേഴ്സിൽ തൻ്റെ കൂടെ താമസ്സിക്കുന്ന സഹപ്രവർത്തകൻ്റെ ബൈക്കുമെടുത്ത് രൂപൻ ആ സ്ഥലത്തേയ്ക്ക് തിരിച്ചു.. ആകെ ഒറ്റത്തവണ മാത്രം.. അതും സഹപ്രവർത്തകരുടെ കൂടെപ്പോയതുകൊണ്ട് വഴി അത്ര നിശ്ചയമില്ലായിരുന്നു. ഒന്നു രണ്ടു പേരോടു വഴി ചോദിച്ച് അവിടെയെത്തിയപ്പോൾ സമയം പന്ത്രണ്ടരയായി..

കത്തിജ്വലിക്കുന്ന വെയിൽ.. ഒരു ചെമ്മൺപാതയോട് ചേർന്നാണ് ആ പഴയ തറവാട് വീട്. രൂപൻ ബൈക്ക് പാതയ്ക്കരുകിലായി നിറുത്തി. ഇരുവശവും സോപാനം പോലെ സിമൻ്റ് കെട്ടിയിരിക്കുന്നതിനു നടുവിൽ വീതിയുള്ള പടിക്കെട്ടുകൾ... രൂപൻ പടികൾ കയറി. പൊക്കത്തിലുള്ള മതിലിൽ പല വർണ്ണങ്ങളിൽ പടർന്നു കിടക്കുന്ന വേനലിലെ വസന്തമായ ബോഗൻ വില്ലകൾ.. പടിക്കെട്ടും ഗേറ്റും കടന്നെത്തിയത് വിശാലമായ മുറ്റത്ത്. നീളൻ വരാന്തയും തടിത്തൂണുകളുമുള്ള ഒരു കൂറ്റൻ ഓടിട്ട മണിമാളിക.. വരാന്തയിലിട്ടിരിക്കുന്ന ചാരുകസേരയിൽ തടിച്ച ശരീരവുമായി വിശ്രമിക്കുന്ന ഒരു വയസ്സൻ.

സംഗീതയുടെ അച്ഛൻ നീലകണ്ഠപ്പിള്ളയാണ് അതെന്ന് രൂപന് മനസ്സിലായി. അയാൾക്ക് തെല്ലൊരു സങ്കോചം ഉണ്ടായി. ഉഗ്രപ്രതാപിയും ദേഷ്യക്കാരനുമാണ് സംഗീതയുടെ അച്ഛൻ എന്ന് മനു പറഞ്ഞ് കേട്ടിട്ടുണ്ട്. അവൻ നടന്ന് അടുത്തുചെന്നു. തൻ്റെ അടുത്തേയ്ക്കു വരുന്ന രൂപനെത്തന്നെ നോക്കിക്കൊണ്ട് ചാരുകസേരയിൽ കിടക്കുകയാണ് അദ്ദേഹം.. അടുത്തെത്തിയ രൂപൻ പറഞ്ഞു.

"ഞാൻ രൂപൻ.. പണ്ട് അടുത്ത വീട്ടിലെ മനുവിൻ്റെ കൂടെ ജോലി ചെയ്തിരുന്നതാ.. "

അവൻ്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചിട്ട് അദ്ദേഹം അകത്തേയ്ക്ക് നോക്കി മോളേ.. എന്നു വിളിച്ചു.. നേര്യയത് സാരിയുടുത്ത സുന്ദരിയായ ഒരു സ്ത്രീ അകത്തുനിന്നു വന്നു. നെറ്റിയിൽ ചന്ദനക്കുറി.. അയാളുടെ മനസ്സിൽ ഒരു നഷ്ടബോധം വന്നു.. ഇത്രയും സുന്ദരിയായിരുന്നോ ഇവൾ! ചിരിച്ചു കൊണ്ടു തന്നെ നോക്കിയ അവളോട്

" ഞാൻ രൂപൻ.."

"അറിയാം എനിക്ക്.. ഫോട്ടോ കണ്ടിട്ടുണ്ടായിരുന്നു.. പിന്നെ മനൂട്ടൻ്റെ മരണത്തിൻ്റന്ന് നേരിട്ടും കണ്ടു.. അകത്തേയ്ക്ക് കയറിവരൂ.. അതാ അവിടെ വെള്ളം ഉണ്ട്. കൈ കഴുകിയിട്ട് വരൂ.. ആദ്യം ഊണുകഴിക്കാം.."

"അയ്യോ.. എനിക്ക് ഒന്നും വേണ്ട.. ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് കുറച്ചു നേരമേ ആയിട്ടുള്ളു.. "

"അതു സാരമില്ല.. കഴിച്ചേ പറ്റൂ.. എൻ്റെ മനൂട്ടൻ്റെ ഏറ്റവും പ്രിയപ്പെട്ട രൂപേട്ടന് എന്തെങ്കിലും ആഹാരം കൊടുക്കാതെ വിട്ടാൽ അവൻ്റെ ആത്മാവ് എന്നോട് ക്ഷമിക്കുമോ ?! വരൂ.. പ്ലീസ്.."

പിന്നീട് അയാൾ ഒന്നും പറഞ്ഞില്ല. കൈ കഴുകിയിട്ട് അവളുടെ പിറകെ ചെന്നു. അകത്ത് ഡൈനിംഗ് ടേബിളിൽ അവൾ ഒരു തുമ്പെല ഇട്ടു. അതിൽ കറികൾ വിളമ്പി.. അയാളോട് ഇരിക്കാൻ പറഞ്ഞു. അയാൾ അവളോട് ചോദിച്ചു

" അച്ഛൻ കഴിച്ചില്ലല്ലോ.. ?"

"അച്ഛനു ഗുളികകളൊക്കെ കഴിക്കാനുള്ളതുകൊണ്ട് നേരത്തെ കഴിച്ചു "

ഇലയ്ക്ക് മുമ്പിലിരുന്ന അയാൾ കൂട്ടാൻ വിളമ്പിവച്ചിരിക്കുന്നതിൻ്റെ കൂട്ടത്ത് കണ്ണിമാങ്ങ അച്ചാറു കണ്ടു. പാത്രങ്ങളിൽ വച്ചിരിക്കുന്ന കറികളുടെ കൂട്ടത്തിൽ മാമ്പഴ പുളിശ്ശേരിയും.. ഇലയിൽ ചോറു വിളമ്പിയിട്ട്, അവൾ എതിർവശത്തെ കസേരയിലിരുന്നു.. അയാൾ ഒരു ഉരുള ചോറുകഴിച്ചിട്ട്, അവളുടെ മുഖത്തേയ്ക്ക് നോക്കി. താൻ കഴിക്കുന്നതും നോക്കിക്കൊണ്ടിരിക്കുകയാണ് അവൾ. ഒരു ചെറു ചിരിയോടെ അവൾ :

"ഇങ്ങോട്ട് ട്രാൻസ്ഫർ ആയി വന്നതാണോ?" അതേ എന്ന് അയാൾ തലയാട്ടി..

"ഫാമിലിയെ കൊണ്ടുവന്നില്ലേ ?"

അയാൾ അവളുടെ മുഖത്തു നോക്കി ഒന്നു പുഞ്ചിരിച്ചതേയുള്ളു.. അവൾ ആ ചിരിയുടെ അർത്ഥം മനസ്സിലാകാത്തതുപോലെ അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു..

"കടമകളുടെയും പ്രാരബ്ധങ്ങളുടെയും ഇടയ്ക്ക് ഫാമിലിയുണ്ടാക്കുന്ന കാര്യം നടന്നില്ല.. " അവൾ ഒന്നും പറഞ്ഞില്ല.

"സംഗീതയുടെ കല്യാണം...?''

''അത് പണ്ടേ കഴിഞ്ഞതാണല്ലോ.. അതിനെപ്പറ്റി മനു ഒന്നും പറഞ്ഞില്ല അല്ലേ?" അയാൾ ഞെട്ടലോടെ ഒന്നും മനസ്സിലാകാതെ അവളെ നോക്കി. "

എൻ്റെ ജാതകത്തിൽ എന്തൊക്കെയോ ദോഷങ്ങൾ ഉണ്ടായിരുന്നു. മുപ്പത്തഞ്ച് വയസ്സുകഴിഞ്ഞേ മംഗല്യം പാടുള്ളൂന്ന് എഴുതിയിട്ടുണ്ട്.. മുപ്പത്തഞ്ച് വയസ്സു കഴിഞ്ഞാൽ മൂത്തു നരച്ചു പോകുമെന്ന് വിചാരിച്ച്, എൻ്റെ ജാതകം മറച്ചുവെച്ച് ഇരുപത്തിനാലാമത്തെ വയസ്സിൽ എന്നെ പിടിച്ച് കല്യാണം കഴിപ്പിച്ചു.. "

വിശ്വസിക്കാനാകാതെ അയാൾ തരിച്ചിരുന്നു. അവൾ തുടർന്നു

"കല്യാണം കഴിഞ്ഞ് യാത്ര ചോദിച്ച് ഭർത്താവിൻ്റെ വീട്ടിലേക്ക് പോയതാ.. പക്ഷെ പകുതി ദൂരമേ എത്തിയുള്ളു.. അതിനു മുമ്പേ ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ... അദ്ദേഹം പോയി.. ഞാൻ രണ്ടു ദിവസം ആശുപത്രിയിലായിരുന്നു.. വീണ്ടും തിരികെ ഇവിടേയ്ക്കു തന്നെ വന്നു.. പിന്നീട് ജാതകദോഷത്തിനൊപ്പം ഭർത്താവ് വാഴില്ലാ എന്ന് നാട്ടുകാരുടെ പറച്ചിലും കൂടെ ആയപ്പോൾ ഒരാലോചനയും ഈ പടിപ്പുര കടന്ന് വന്നില്ല."

"മനൂന് ഇതെല്ലാം...?''

"അറിയാമായിരുന്നു.. പക്ഷെ അതൊന്നും രൂപേട്ടനോട് പറഞ്ഞിട്ടില്ലെന്നും.. ഇവിടെ വന്ന് നിങ്ങൾ തമ്മിൽ കണ്ടിട്ടേ പറയൂ എന്നാ അവൻ പറഞ്ഞത്.. നമ്മൾ തമ്മിൽ കണ്ടു കഴിഞ്ഞാൽ ഇതൊന്നും വിഷയമാവില്ല എന്നായിരുന്നു. പാവം എൻ്റെ മനൂട്ടൻ്റ വിശ്വാസം. "

ഊണ് കഴിഞ്ഞ് ഇലയെടുക്കാൻ സംഗീത സമ്മതിച്ചില്ല.. കൈ കഴുകി വന്നപ്പോൾ ഒരു അലക്കിയ ടവ്വൽ നീട്ടിക്കൊണ്ട് സംഗീത പറഞ്ഞു

"ഇതാ ഇതിൽ തുടച്ചോളൂ.. ഇനി നമുക്ക് മനൂട്ടൻ കിടക്കുന്നിടത്ത് പോകാം..?"

മതിലിൻ്റെ സൈഡിലുള്ള ചെറിയ ഗേറ്റ് കടന്ന് അവർ വേലി കെട്ടി നിറുത്തിയിരിക്കുന്ന ആ ഒരു സെൻ്റ് സ്ഥലത്തേയ്ക്ക് പ്രവേശിച്ചു. നടുവിലായി വളർന്നു നില്ക്കുന്ന ഒരു ഗൗരീഗാത്ര തെങ്ങ് ചൂണ്ടി കാണിച്ചു കൊണ്ട് സംഗീത പറഞ്ഞു

"ഇത് അന്ന് വെച്ചതാ.. ഇത് കാണുമ്പോൾ മനൂട്ടൻ ചിരിച്ചു കൊണ്ട് ജീവനോടെ നിൽക്കുന്നതായി എനിക്കു തോന്നും. എൻ്റെ സ്വന്തം അനിയനെപ്പോലെയായിരുന്നു എനിക്കവൻ.. അവനും ഞാൻ... നമ്മൾ തമ്മിലുള്ള വിവാഹം അവൻ്റെ വലിയ ആഗ്രഹമായിരുന്നു.. "

അവളുടെ നിറഞ്ഞു വന്ന കണ്ണുകൾ പെട്ടന്നവൾ സാരിത്തലപ്പുകൾ കൊണ്ട് തുടച്ചു.. അയാൾ സാവകാശം നടന്ന് ആ തെങ്ങിൻ്റെ അരികിലെത്തി. അതിൽ ചേർന്നു നിന്നിട്ട് ഒരു കൈ കൊണ്ട് അതിൽ ചുറ്റിപ്പിടിച്ച് കണ്ണടച്ചു കുറച്ചു നേരം നിന്നു.. അവളും അവന് സമീപത്തേയ്ക്ക് നടന്നു വന്നു.. എന്നിട്ടവനോട് ചോദിച്ചു.

"എന്താണ് ചെയ്യുന്നത് ?"

"ഞാൻ മനുവുമായി സംസാരിക്കുകയായിരുന്നു.. "

"എന്താണ് മനൂട്ടൻ പറഞ്ഞത്?"

"എൻ്റെ ആഗ്രഹം സാധിച്ചു തരുമോന്ന് അവൻ ചോദിച്ചു.. "

"എന്നിട്ടെന്ത് പറഞ്ഞു..?"

"ഞാൻ തയ്യാറാണെന്ന്.. പക്ഷെ നിൻ്റെ സംഗീതേച്ചി എന്തു പറയുമെന്ന് എനിക്കറിയില്ലായെന്ന്... "

അവളുടെ മുഖത്ത് വിവിധ വികാരങ്ങൾ അയാൾ കണ്ടു.. അവൾ മറുപടിയൊന്നും പറഞ്ഞില്ല.. അയാൾ വീണ്ടും പറഞ്ഞു.

"ജാതകദോഷമാണ് പേടിയെങ്കിൽ മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞതുകൊണ്ട്, ഇനി അതൊന്നും പ്രശ്നമല്ല.. അഥവാ എന്തുണ്ടെങ്കിലും അതൊന്നും എനിക്കൊരു പ്രശ്നവുമല്ല.. "

എന്തു പറയണമെന്നറിയാതെ അവളുടെ ചുണ്ടുകൾ വിറച്ചു.. അയാൾ തൻ്റെ സ്വതന്ത്രമായിരുന്ന കൈ അവളുടെ നേർക്ക് നീട്ടിയിട്ട്

"തനിക്ക് സമ്മതമാണെങ്കിൽ ഈ കയ്യിലേയ്ക്ക് പിടിച്ചോളൂ... "

അവൾ ഒന്നറച്ച് നിന്നിട്ട് പുഞ്ചിരിയോടെ മെല്ലെ അവൻ്റെ നീട്ടിയ കയ്യിലേയ്ക്ക് അവളുടെ കൈവച്ചു.. അപ്പോൾ വീശിയ കാറ്റിൽ ആ തെങ്ങിൻ്റെ ഓലകൾ സന്തോഷ നൃത്തമാടി..

- ശുഭം -