സ്വകാര്യ ചൂതാട്ട കമ്പനികൾക്ക് അനുമതി നൽകാൻ ആൽബർട്ട; വിപണി ജൂലൈയിൽ തുറക്കും

By: 600110 On: Apr 20, 2026, 10:42 AM

 

ഓൺലൈൻ ചൂതാട്ട രംഗത്ത് വലിയ മാറ്റങ്ങൾക്കൊരുങ്ങി കാനഡയിലെ ആൽബർട്ട പ്രവിശ്യ. ഈ വേനൽക്കാലം മുതൽ സ്വകാര്യ സ്പോർട്സ് ബെറ്റിംഗ് കമ്പനികൾക്ക് പ്രവിശ്യയിൽ നിയമപരമായി പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകും. ഡ്രാഫ്റ്റ് കിംഗ്‌സ്, ദി സ്കോർ ബെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് വിപണിയിൽ ആദ്യമെത്തുന്നത്.

ഇതുവരെ സർക്കാർ നിയന്ത്രണത്തിലായിരുന്ന ഓൺലൈൻ ചൂതാട്ട വിപണിയിലേക്കാണ് ഇപ്പോൾ സ്വകാര്യ കമ്പനികളെ കൂടി അനുവദിക്കുന്നത്. നിലവിൽ ഒൻ്റാരിയോ നടപ്പിലാക്കിയ മാതൃകയാണ് ആൽബർട്ടയും പിന്തുടരുന്നത്.സ്വകാര്യ കമ്പനികളെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കുന്നത് ചൂതാട്ടത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്ന് സർവീസ് ആൽബർട്ട മന്ത്രി ഡേൽ നാലി പറഞ്ഞു.  കമ്പനികൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നത് നിർബന്ധമാണ്.

32-ഓളം കമ്പനികൾ ഇതിനോടകം തന്നെ അപേക്ഷ നൽകിയിട്ടുണ്ട്. എൻ.എച്ച്.എൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങാനിരിക്കെ വിപണി സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ലഭ്യമാകുന്നത് ആളുകളെ ചൂതാട്ടത്തിന് അടിമകളാക്കുമെന്ന്  ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോണുകളിലെ നോട്ടിഫിക്കേഷനുകൾ ആളുകളെ വീണ്ടും വീണ്ടും പണം മുടക്കാൻ പ്രേരിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ചൂതാട്ടത്തിന് അടിമപ്പെടാതിരിക്കാൻ കൃത്യമായ സാമ്പത്തിക പരിധി നിശ്ചയിക്കണമെന്നും ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ നിർദ്ദേശിച്ചു.