അമേരിക്കയെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ട് പോകാനാവില്ല; സ്വയംപര്യാപ്തത അനിവാര്യമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Apr 20, 2026, 10:39 AM

മാറുന്ന ആഗോള സാഹചര്യത്തിൽ കാനഡയുടെ ഭാവി സുരക്ഷിതമാക്കാൻ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന് ഒരു ബലഹീനതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്ക തങ്ങളുടെ വ്യാപാര നയങ്ങളിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണെന്ന് മാർക് കാർണി പറഞ്ഞു. 1930-കളിലെ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ രീതിയിൽ ഇറക്കുമതി തീരുവകൾ കുത്തനെ വർദ്ധിപ്പിച്ചത് കാനഡയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേവലം ഒരു വിദേശ രാജ്യത്തെ മാത്രം ആശ്രയിക്കുന്ന രീതി കാനഡ അവസാനിപ്പിക്കണം. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് ഭൂഖണ്ഡങ്ങളിലായി കാനഡ 20 പുതിയ വ്യാപാര കരാറുകളിൽ ഒപ്പുവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ 13 പ്രവിശ്യകളെയും ഒന്നിപ്പിച്ചു കൊണ്ട് ശക്തമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. പുതിയ ഊർജ്ജ ഇടനാഴികൾ നിർമ്മിക്കുമെന്നും ക്ലീൻ എനർജി ഉത്പാദനം ഇരട്ടിയാക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അമേരിക്കയിലെ സ്ഥിതിഗതികൾ പഴയപടിയാകുമെന്ന് കരുതി വെറുതെ കാത്തിരിക്കുന്നത് മണ്ടത്തരമാണെന്ന് കാർണി ഓർമ്മിപ്പിച്ചു. "വെറും പ്രതീക്ഷകളല്ല, മറിച്ച് കൃത്യമായ പദ്ധതികളാണ് രാജ്യത്തിന് വേണ്ടത്" എന്ന് അദ്ദേഹം വ്യക്കമാക്കി.

സർക്കാരിൻ്റെ ഈ പുതിയ കർമ്മപദ്ധതികൾ ഫലം കാണാൻ സമയമെടുക്കുമെന്നും ഇടയ്ക്ക് തിരിച്ചടികൾ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും കാനഡക്കാരുടെ കരുത്തിൽ രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.