കനത്ത പ്രതിഷേധത്തെത്തുടർന്ന് പുതിയ സ്വകാര്യ വിമാനം വേണ്ടെന്ന തീരുമാനമെടുത്ത് ഒൻ്റാരിയോ സർക്കാർ. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോൾ ഇത്രയും വലിയ തുക ആഡംബരത്തിനായി ചിലവാക്കുന്നതിനെതിരെ ജനങ്ങളും പ്രതിപക്ഷവും ശക്തമായി പ്രതിഷേധിച്ച പശ്ചാത്തലത്തിലാണിത്.
പ്രീമിയർ ഡഗ് ഫോർഡിൻ്റെ ഔദ്യോഗിക യാത്രകൾക്കായി ഒരു സെക്കൻഡ് ഹാൻഡ് 'ബോംബാർഡിയർ ചലഞ്ചർ 650' വിമാനം വാങ്ങിയതായി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സർക്കാർ അറിയിച്ചത്. കാനഡയിലും അമേരിക്കയിലുടനീളം വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാൻ പ്രീമിയർക്ക് സ്വന്തമായൊരു വിമാനം ആവശ്യമാണെന്നായിരുന്നു സർക്കാരിൻ്റെ ന്യായീകരണം.
സാധാരണക്കാർ ഇന്ധനവിലയും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും കാരണം ബുദ്ധിമുട്ടുമ്പോൾ സർക്കാർ നികുതിപ്പണം ധൂർത്തടിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ നിലപാട് മാറ്റി. ഇത്തരം ഒരു ചെലവിന് അനുയോജ്യമായ സമയമല്ല ഇതെന്ന് സമ്മതിച്ച ഡഗ് ഫോർഡ് വിമാനം വിറ്റൊഴിവാക്കാൻ നിർദ്ദേശം നൽകി.
വിമാനം വിൽക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇത്തരമൊരു നടപടിക്ക് മുതിർന്നത് സർക്കാരിൻ്റെ സുതാര്യതയില്ലായ്മയാണ് കാണിക്കുന്നതെന്ന് ഗ്രീൻ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ വിമർശിച്ചു. ജെറ്റ് വിമാനമില്ലാതെ തന്നെ സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് പ്രീമിയർ അറിയിച്ചു.