വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതര്‍ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.
വടക്കന്‍ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ടോക്കിയോയിലെ വന്‍കിട കെട്ടിടങ്ങള്‍ വരെ കുലുങ്ങാന്‍ തക്ക ശക്തമായിരുന്നു ഈ ഭൂകമ്പം. ആദ്യഘട്ട സുനാമി തിരമാലകള്‍ ഉടന്‍ തന്നെ വടക്കന്‍ തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.