കുട്ടികളെ കടത്തിയ കേസില്‍ പിടിയിലായ സെന്റ് ജോണ്‍സ് ഡയറക്ടര്‍ക്ക് 18 മാസം ജയില്‍ ശിക്ഷ

By: 600002 On: Apr 20, 2026, 9:33 AM



 

പി പി ചെറിയാന്‍

ഡഡ്ലി(മാസച്യുസെറ്റ്‌സ്): സെന്റ് ജോണ്‍സ് ഫുഡ് ഫോര്‍ ദ പുവര്‍ പ്രോഗ്രാമിന്റെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡയറക്ടര്‍ റാഫേല്‍ ജെ. മെസാദ്യുവിന് (39) കോടതി 18 മാസം ജയില്‍ ശിക്ഷ വിധിച്ചു. 

നേരത്തെ ലഭിച്ച സസ്‌പെന്‍ഡഡ് ശിക്ഷയുടെ ഭാഗമായുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന്, ബാക്കിയുള്ള 18 മാസം കൂടി ജയിലില്‍ കഴിയാന്‍ ഡഡ്ലി ജില്ലാ കോടതി ഏപ്രില്‍ 17 നു ഉത്തരവിടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മാര്‍ച്ചില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ഗാര്‍ഹിക പീഡനക്കേസുകളില്‍ കോടതിയെ കബളിപ്പിച്ചതിന് ഇപ്പോള്‍ ശിക്ഷ ലഭിച്ചത്.

നപഴയ കേസുകള്‍: ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് തന്നെ മെസാദ്യുവിനെതിരെ നിരവധി ഗാര്‍ഹിക പീഡന പരാതികളും കോടതി വാറന്റുകളും നിലവിലുണ്ടായിരുന്നു. തന്റെ പങ്കാളിയെ മര്‍ദ്ദിച്ച കേസിലും കോടതി ഉത്തരവുകള്‍ ലംഘിച്ചതിനുമാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം നല്‍കി ഹോട്ടലിലെത്തിയപ്പോഴാണ് വോര്‍സെസ്റ്റര്‍ പോലീസ് ഇയാളെ പിടികൂടിയത്.

സെന്റ് ജോണ്‍സ് പ്രോഗ്രാമില്‍ നിന്ന് ഇയാളെ പുറത്താക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. മുമ്പ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത് വലിയ വിവാദമായിരുന്നു. നിലവില്‍ ഒരു ഇടക്കാല ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.