ബാജി ഓടംവേലി
ഡാലസ്: അക്ഷരസ്‌നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രില്‍ മാസത്തെ സാഹിത്യ ചര്‍ച്ച പ്രൗഢഗംഭീരമായി നടന്നു. ഏപ്രില്‍ 19 ഞായറാഴ്ച വൈകുന്നേരം 4:30-ന് ഡാലസിലെ കേരള അസോസിയേഷന്‍ ഹാളിലായിരുന്നു സമ്മേളനം. എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളില്‍ സാഹിത്യ തല്‍പരരായ ഡാലസ് നിവാസികള്‍ക്കായി കെ.എല്‍.എസ് സംഘടിപ്പിച്ചു വരുന്ന ചര്‍ച്ചകളുടെ ഭാഗമായിരുന്നു ഈ ഒത്തുചേരല്‍.
സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.പി. ചെറിയാന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന സാഹിത്യ സെഷനില്‍ ഹരിദാസ് തങ്കപ്പന്‍, ജേക്കബ് ജോണ്‍, ജോസ് വര്‍ഗീസ്, നിഷ ജേക്കബ് എന്നിവര്‍ തങ്ങളുടെ പുത്തന്‍ കഥകളും കവിതകളും അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട കൃതികളെക്കുറിച്ച് സദസ്സിലുണ്ടായിരുന്നവര്‍ സജീവമായ സംവാദങ്ങള്‍ നടത്തി.
സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയമായ 'സാഹിത്യവും - സത്യവും' എന്ന വിഷയം പ്രശസ്ത കവി ഫ്രാന്‍സിസ് തോട്ടത്തില്‍ അവതരിപ്പിച്ചു. സാഹിത്യ സൃഷ്ടികളിലെ യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ലാന മുന്‍ പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ്, ലാന പ്രസിഡന്റ് സാമുവേല്‍ യോഹന്നാന്‍, കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാം, കെ.എല്‍.എസ് മുന്‍ പ്രസിഡന്റുമാരായ സിജു വി. ജോര്‍ജ്ജ്, ഷാജു ജോണ്‍ എന്നിവര്‍ ഈ വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.
ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഹക്കിം ചോലയിലിന്റെ 'അഗതാ ക്രിസ്റ്റിയുടെ 11 ദിനങ്ങള്‍' എന്ന പുസ്തകം കെ.എല്‍.എസ് മുന്‍ പ്രസിഡന്റ് അനൂപ കോശി പരിചയപ്പെടുത്തി. ലോകപ്രശസ്ത എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ദുരൂഹമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച ഈ കൃതിയെക്കുറിച്ചുള്ള വിശകലനം ഏറെ ശ്രദ്ധേയമായി.
സെക്രട്ടറി ബാജി ഓടംവേലി പരിപാടിയുടെ അവതാരകനായിരുന്നു. ജോയിന്റ് ട്രഷറര്‍ സാറ ചെറിയാന്‍ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. ഡാലസിലെ നിരവധി സാഹിത്യപ്രേമികള്‍ ചടങ്ങില്‍ പങ്കെടുത്തു.