പി പി ചെറിയാന്‍
ഷ്രീവ്പോര്‍ട്ട് (ലൂസിയാന): അമേരിക്കയിലെ ലൂസിയാനയില്‍ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ പിതാവ് വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ശ്രീവ്പോര്‍ട്ടിലെ രണ്ട് വീടുകളിലായി നടന്ന അക്രമത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയായ ഷമര്‍ എല്‍ക്കിന്‍സ് പിന്നീട് പോലീസ് പിന്തുടരുന്നതിനിടെ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ഒരു വയസ്സു മുതല്‍ 12 വയസ്സു വരെയാണ് പ്രായം. ഇതില്‍ ഏഴ് പേര്‍ പ്രതിയുടെ സ്വന്തം മക്കളാണ്. ഒരു കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ മുകളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കുടുംബകലഹമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. പ്രതി ആദ്യം ഒരു സ്ത്രീയെ വെടിവെച്ച ശേഷം രണ്ടാമത്തെ വീട്ടിലെത്തി കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഷമറിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകങ്ങളില്‍ ഒന്നാണിത്. ലൂസിയാന ഗവര്‍ണറും യുഎസ് ഹൗസ് സ്പീക്കറും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.