കോടതി സംരക്ഷണം നിലനില്‍ക്കെ ലാറ്റിനമേരിക്കയില്‍ നിന്നുള്ള 15 അഭയാര്‍ഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി

By: 600002 On: Apr 19, 2026, 5:17 PM



 

പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍ ഡി സി: അഭയാര്‍ഥികളെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നടപടി തുടരുന്നു. ട്രംപ് ഭരണകൂടത്തിന്റെ 'തേര്‍ഡ് കണ്‍ട്രി പ്രോഗ്രാമിന്' കീഴില്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളെ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് നാടുകടത്തി. ഏപ്രില്‍ 17-ന് 15 പേരടങ്ങുന്ന ആദ്യ സംഘം കോംഗോ തലസ്ഥാനമായ കിന്‍ഷാസയിലെത്തി.

സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ നിയമപരമായ സംരക്ഷണം ലഭിച്ച ലാറ്റിനമേരിക്കന്‍ വംശജരെയാണ് യുഎസ് കോംഗോയിലേക്ക് അയച്ചിരിക്കുന്നത്.

ആഭ്യന്തര യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്ന കോംഗോയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതിനെതിരെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിലാണ്.

ദക്ഷിണ സുഡാന്‍, ഇക്വറ്റോറിയല്‍ ഗിനിയ തുടങ്ങി ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം സമാനമായ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ അഭയാര്‍ഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് അയക്കാന്‍ അമേരിക്ക ഇതുവരെ ഏകദേശം 40 ദശലക്ഷം ഡോളര്‍ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

അഭയാര്‍ഥികളെ താല്‍ക്കാലികമായി ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐ.ഒ.എം സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഇവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക നിലനില്‍ക്കുന്നു.