സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമ കൊല്ലപ്പെട്ടു; പ്രതിക്കായി തെരച്ചില്‍

By: 600002 On: Apr 19, 2026, 4:51 PM



 

പി പി ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ലീസ്‌ബെര്‍ഗില്‍ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥന്‍ വെടിയേറ്റ് മരിച്ചു. 43 വയസ്സുകാരനായ മാത്യു ലീ പാസ്‌കോയാണ് പ്രതി.

വെള്ളിയാഴ്ച രാവിലെ ഫ്‌ളോറിഡയിലുള്ള ലീസ്ബര്‍ഗിലാണ് സംഭവം. രാവിലെ ഒരു സ്ത്രീയെ നായ ആക്രമിക്കുന്നത് കണ്ട മാത്യു ലീ പാസ്‌കോ, നായയെ വെടിവച്ചു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വെടിയുണ്ടയേറ്റത് നായയുടെ ഉടമയ്ക്കാണ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട മാത്യുവിനായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചു. ഇയാള്‍ ആയുധധാരിയാണെന്നും കണ്ടുപിടിക്കുന്നവര്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രദേശത്തെ ഒരു സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.