144 ദിവസത്തെ ഉറക്കം കഴിഞ്ഞു; ഗ്രൗസ് മൗണ്ടനിലെ ഗ്രിസ്‌ലി കരടികൾ ഉണർന്നു

By: 600110 On: Apr 18, 2026, 2:04 PM

 

 

വാൻകൂവറിലെ ഗ്രൗസ് മൗണ്ടൻ വന്യജീവി സങ്കേതത്തിലെ  ഗ്രിസ്‌ലി കരടികളായ ഗ്രിൻഡറും കൂളയും ശീതകാലനിദ്ര  കഴിഞ്ഞ് പുറത്തെത്തി. 144 ദിവസത്തെ ഉറക്കത്തിന് ശേഷമാണ് ഇവ രണ്ടും ഉണർന്നത്. ഇത്തവണ 144 ദിവസമാണ് ഇവ ഉറക്കത്തിൽ ചിലവഴിച്ചത്. വന്യജീവി സങ്കേതത്തിലെ ഇവരുടെ 25-ാമത്തെ ശീതകാലമാണിത്.

2025 നവംബർ 24-നാണ് കരടികൾ ഉറക്കത്തിനായി താവളത്തിലേക്ക് പോയത്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഗ്രിൻഡറിന് 970 പൗണ്ട് തൂക്കമുണ്ടായിരുന്നു. കൂളയ്ക്ക് അന്ന് 1,025 പൗണ്ടായിരുന്നു ഭാരം. ശീതകാലത്തെ നീണ്ട ഉറക്കത്തിനായി വലിയ അളവിൽ ഭക്ഷണം കഴിച്ചാണ് ഇവ തയ്യാറെടുത്തിരുന്നത്. ഉറക്കത്തിനിടയിലും വന്യജീവി സങ്കേതത്തിലെ ജീവനക്കാർ ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ചാണ് ഇവരുടെ ഗുഹയ്ക്കുള്ളിലെ ചലനങ്ങൾ നിരീക്ഷിച്ചത്. ഇപ്പോൾ കരടികൾ പതുക്കെ സജീവമായി തുടങ്ങിയിട്ടുണ്ട്.

ഉണർന്നതിന് ശേഷം ഇവർക്ക് ആദ്യം നൽകുന്ന ഭക്ഷണം 'റോമെയ്ൻ ലെറ്റസ്' ആണ്. പിന്നീട് പഴങ്ങളും പച്ചക്കറികളും പ്രോട്ടീനുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തും. ലോകമെമ്പാടുമുള്ള ആരാധകർ ഓരോ വർഷവും ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കാറുണ്ട്. കരടികളുടെ അതിജീവനശേഷി അത്ഭുതകരമാണെന്ന് സങ്കേതം ഡയറക്ടർ ഡോ. കെൻ മക്വിസ്റ്റൺ പറഞ്ഞു. കരടികൾ ആരോഗ്യത്തോടെ ഇരിക്കുന്നത് അവർക്ക് ലഭിക്കുന്ന മികച്ച പരിചരണത്തിVdJz തെളിവാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഏപ്രിൽ 17 മുതൽ സന്ദർശകർക്ക് കരടികളെ കാണാൻ സൗകര്യമുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആളുകൾക്കായി ദിവസേന 'റേഞ്ചർ ടോക്കുകൾ' സംഘടിപ്പിക്കും. 2001 മുതലാണ് ഗ്രിൻഡറും കൂളയും ഗ്രൗസ് മൗണ്ടനിൽ കഴിയുന്നത്. ബെല്ല കൂള, ഇൻവർമിയർ എന്നിവിടങ്ങളിൽ നിന്ന് അനാഥരായി ലഭിച്ച കുട്ടിക്കരടികളായിരുന്നു ഇവ രണ്ടും.