കാനഡയിലെ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകളുടെ കടബാധ്യത അതിവേഗം വർദ്ധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ. രാജ്യത്തിൻ്റെ ആകെ കടം ഉടൻ തന്നെ ജിഡിപിയുടെ 100 ശതമാനത്തിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. അതായത്, രാജ്യത്തിൻ്റെ ആകെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തിന് തുല്യമായി കടം മാറുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2007/08 കാലഘട്ടത്തിൽ 1.21 ട്രില്യൺ ഡോളറായിരുന്ന രാജ്യത്തിൻ്റെ ആകെ കടം, വെറും രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചു. 2025/26 സാമ്പത്തിക വർഷത്തോടെ ഇത് 2.3 ട്രില്യൺ ഡോളറിലെത്തും. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയോടെയാണ് കാനഡയിൽ ഇത്രയധികം കടമെടുക്കുന്ന രീതി തുടങ്ങിയത്. അന്നുമുതൽ സർക്കാരുകൾ വരുമാനത്തേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്ന രീതിയാണ് തുടരുന്നത്.
പലിശ നിരക്കുകൾ വർദ്ധിക്കുന്നത് കടം തിരിച്ചടയ്ക്കുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു. സർക്കാരിന്റെ വലിയൊരു തുക പലിശ അടയ്ക്കാൻ മാത്രമായി ചെലവാകുന്നു. പലിശ ഇനത്തിൽ വൻതുക ചെലവാകുന്നതോടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് നൽകുന്ന ഫണ്ടിൽ കുറവുണ്ടായിട്ടുണ്ട്. അമിതമായ കടം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള രാജ്യത്തിൻ്റെ ശേഷിയെ ബാധിക്കുമെന്നും, ഭാവിയിൽ കടം വീട്ടാനായി ജനങ്ങൾ വലിയ നികുതി ഭാരം ചുമക്കേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒൻ്റാരിയോ, ക്യൂബെക് തുടങ്ങിയ വലിയ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്. നിലവിലെ രീതിയിൽ കടം കൂടുന്നത് രാജ്യത്തിന് താങ്ങാനാവില്ലെന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അമിതമായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കണമെന്നും സർക്കാരുകൾ ബജറ്റ് സന്തുലിതമാക്കണമെന്നുമാണ് വിദഗ്ധരുടെ നിർദ്ദേശം.