പി പി ചെറിയാന്‍
ഫ്‌ളോറിഡ: മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണക്കാരനായ യുവാവിന് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2024 നവംബറില്‍ നടന്ന അപകടത്തില്‍ 37 വയസ്സുകാരിയായ സാറ ഡാനിയേല്‍ ഹോംസ് കൊല്ലപ്പെട്ട കേസിലാണ് സിസാര്‍ നവരേത്തെ (27) എന്നയാള്‍ക്ക് കോടതി ശിക്ഷ നല്‍കിയത്.
മണിക്കൂറില്‍ 115 മൈല്‍ (ഏകദേശം 185 കി.മീ) വേഗതയിലാണ് നവരേത്തെ വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട നവരേത്തെയുടെ കാര്‍ സാറയും കാമുകനും സഞ്ചരിച്ചിരുന്ന എസ്യുവിയില്‍ (SUV) ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ എസ്യുവി രണ്ടായി പിളര്‍ന്നുപോയി.
കാറിലുണ്ടായിരുന്ന സാറ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവര്‍ ആയിരുന്ന കാമുകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പരിശോധനയില്‍ വ്യക്തമായി.
രണ്ട് കുട്ടികളുടെ അമ്മയായ സാറയുടെ മരണത്തിന് കാരണമായത് നവരേത്തെയുടെ കടുത്ത അനാസ്ഥയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ 25 വര്‍ഷത്തെ തടവിനായി ജയിലിലേക്ക് മാറ്റി.