ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍: സെന്റ് പീറ്റേഴ്സ്ബര്‍ഗ് ദമ്പതികള്‍ അറസ്റ്റില്‍

By: 600002 On: Apr 18, 2026, 11:41 AM



 

പി പി ചെറിയാന്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗ് (ഫ്‌ലോറിഡ): ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ദാരുണമായ മരണത്തെത്തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗബ്രിയേല ഡാനിയല്‍സ് (21), ആഷ്ടണ്‍ കുറാന്റ് (20) എന്നിവരാണ് ക്രൂരമായ ശിശു പീഡനത്തിനും അനാസ്ഥയ്ക്കും പിടിയിലായത്.

ഏപ്രില്‍ 16-നാണ് കുഞ്ഞിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ചതവുകളും പോറലുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ആറ് ദിവസം മുന്‍പ് ശിശുക്ഷേമ വകുപ്പ് പരിശോധിച്ചപ്പോള്‍ കുഞ്ഞിന് പരിക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല.

ലഹരി ഉപയോഗിച്ച നിലയിലാണ് കുഞ്ഞിനെ പരിചരിച്ചിരുന്നതെന്ന് പിതാവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുഞ്ഞിന്റെ ഭക്ഷണക്രമത്തെക്കുറിച്ചും മറ്റും ഇവര്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.

കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം ദമ്പതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.