പി പി ചെറിയാന്‍
ബ്രൗണ്‍സ്വില്‍ (ടെക്‌സസ്): ദശകങ്ങളായി അമേരിക്കയില്‍ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക മീനു ബത്രയെ (53) ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. ജോലി ആവശ്യത്തിനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞുവെച്ചത്. ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളില്‍ ടെക്‌സസിലെ ഏക ലൈസന്‍സുള്ള കോടതി പരിഭാഷകയാണ് മീനു ബത്ര.
മാര്‍ച്ച് 17-ന് വാലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഇവരെ പിടികൂടിയത്. നിലവില്‍ എല്‍ വാലി ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയിലാണ് ഇവര്‍.
1980-കളിലെ സിഖ് വിരുദ്ധ കലാപത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് ഇവര്‍ അമേരിക്കയിലെത്തിയത്. 2000-ല്‍ ഒരു ഇമിഗ്രേഷന്‍ ജഡ്ജി ഇവര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി (Withholding of Removal) നല്‍കിയിരുന്നു.
മീനുവിന് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെങ്കിലും, പഴയ നാടുകടത്തല്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ മുപ്പത് വര്‍ഷത്തിനിടെ ഒരു ട്രാഫിക് നിയമലംഘനം പോലും നടത്താത്ത തന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നതെന്ന് മീനു ആരോപിച്ചു.
തടങ്കലില്‍ വെച്ച് തനിക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു.
അമേരിക്കന്‍ പൗരന്മാരായ നാല് മക്കളുടെ അമ്മയാണ് മീനു. ഇവരുടെ മോചനത്തിനായി അഭിഭാഷകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏപ്രില്‍ 21-നകം മറുപടി നല്‍കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.