സീയോന്‍ സഞ്ചാരി വിത്ത് ജോസി പുല്ലാട് ഏപ്രില്‍ 18 ന്

By: 600002 On: Apr 17, 2026, 3:11 PM



 

ജീമോന്‍ റാന്നി 

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെ ആഗോള പ്രതിസന്ധി മനുഷ്യജീവിതത്തെ തളര്‍ത്തിയ 2020-ല്‍, ''സംഗീതത്തിലൂടെ ആരാധന'' എന്ന ദര്‍ശനത്തില്‍ ന്യൂയോര്‍ക്ക് ശാലേം മാര്‍ത്തോമാ ഇടവക മിഷന്‍ ആരംഭിച്ച ആത്മീയ സംഗീതപരിപാടിയാണ് സീയോന്‍ സഞ്ചാരി. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ തുടക്കം കുറിച്ച ഈ പ്രോഗ്രാം, കഴിഞ്ഞ വര്‍ഷങ്ങളിലായി അനവധി വിശ്വാസികള്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്ന ഒരു  ആരാധനാ വേദിയായി മാറിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി അനുഗ്രഹീത ഗായകരുടെ പങ്കാളിത്തം ഈ സംഗീതയാത്രയെ കൂടുതല്‍ സമ്പന്നമാക്കി.

ഈ ആത്മീയ സംഗീതപരമ്പരയുടെ 53 ആം എഡിഷന്‍ ഏപ്രില്‍ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റേണ്‍ ലോങ്ങ് ഐലന്റിലുള്ള ശാലേം മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടത്തപ്പെടും.ആത്മീയ സംഗീതസാന്നിധ്യം സൃഷ്ടിക്കുന്ന ഈ പ്രത്യേക സന്ധ്യ, വിശ്വാസികള്‍ക്ക് ഒരുമിച്ച് ആരാധനാനുഭവത്തില്‍ പങ്കുചേരാനുള്ള ഒരു വിലപ്പെട്ട അവസരമായി മാറും.

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഗാനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ക്രൈസ്തവ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞന്‍ ജോസി പുല്ലാട് ഈ സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കുന്നു. ദശാബ്ദങ്ങളായി ക്രൈസ്തവ സംഗീതലോകത്തെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ സംഗീതസപര്യ, ഈ പരിപാടിയെ ആത്മീയതയും സംഗീതമാധുരിയും നിറഞ്ഞ ഒരു അനുഭവമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഏബ്രഹാം വര്‍ഗീസ്  6314311271 തോമസ് ജേക്കബ് (ഷാജി)  6317477862.