ഫെഡറൽ എക്സൈസ് നികുതി താൽക്കാലികമായി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം നിലനിൽക്കെ തന്നെ കാനഡയിൽ ഇന്ധനവില കുതിച്ചുയരുന്നു. തണുപ്പുകാലത്ത് ഉപയോഗിക്കുന്ന 'വിൻ്റർ ബ്ലെൻഡ്' ഇന്ധനത്തിന് പകരം കൂടുതൽ ചെലവേറിയ 'സമ്മർ ബ്ലെൻഡ്' പെട്രോൾ പമ്പുകളിൽ എത്തിയതാണ് ഇതിന് പ്രധാന കാരണം. ലിറ്ററിന് ഏകദേശം 10 സെൻ്റ് വരെ വർധനവാണ് ഈ മാറ്റത്തിലൂടെ ഉണ്ടാകുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവിലൂടെ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വേനൽക്കാലത്ത് ബാഷ്പീകരണം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ബ്യൂട്ടേൻ കുറഞ്ഞ മിശ്രിതം ഉപയോഗിക്കണമെന്ന നിബന്ധനയാണ് ഇന്ധനവില വർധിക്കാൻ കാരണമായത്. അന്താരാഷ്ട്ര തലത്തിൽ, ഇറാനിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ആഗോള എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഏപ്രിൽ 20 മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് എക്സൈസ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതെങ്കിലും, ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസം വരെ ഇന്ധനവില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് കാനഡ ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക് ടീഗ് പറഞ്ഞു. കാനഡയിലുടനീളം ഇന്ധനവില ലിറ്ററിന് 1.75 ഡോളറിന് മുകളിൽ തുടരുമെന്നാണ് കണക്കാക്കുന്നത്. നികുതി ഇളവിന് പുറമെ ജി.എസ്.ടി കൂടി ഒഴിവാക്കിയാൽ മാത്രമേ സാധാരണക്കാർക്ക് ആശ്വാസം ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.