2015 നും 2024 നും ഇടയിലുള്ള കാലയളവിൽ കാനഡയിൽ നിന്ന് ഒരു ട്രില്യൺ ഡോളറിലധികം നിക്ഷേപം വിദേശരാജ്യങ്ങളിലേക്ക് ഒഴുകിയതായി റോയൽ ബാങ്ക് ഓഫ് കാനഡയുടെ (RBC) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന ചോർച്ചയാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തേക്ക് എത്തിയ ഓരോ ഒരു ഡോളർ വിദേശ നിക്ഷേപത്തിനും പകരമായി രണ്ട് ഡോളർ വീതം പുറത്തേക്ക് പോയി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കനേഡിയൻ കമ്പനികൾ ആഭ്യന്തര വിപണിയേക്കാൾ ലാഭകരവും നിയന്ത്രണങ്ങൾ കുറഞ്ഞതുമായ വിദേശ പ്രോജക്റ്റുകൾക്ക് മുൻഗണന നൽകുന്നതാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണം. യന്ത്രസാമഗ്രികൾ, നൂതന സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളിൽ ആവശ്യത്തിന് ആഭ്യന്തര നിക്ഷേപം ഇല്ലാത്തത് കാനഡയുടെ സാമ്പത്തിക വളർച്ചയെയും ഉൽപ്പാദനക്ഷമതയെയും ബാധിച്ചിട്ടുണ്ട്. മറ്റ് ജി7 രാജ്യങ്ങളെ അപേക്ഷിച്ച് ഈ മേഖലകളിൽ കാനഡ ഏറെ പിന്നിലാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ ഉണ്ടായ വർധനവ് നേരിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, വരും ദശകത്തിൽ രാജ്യം ലക്ഷ്യമിടുന്ന സാമ്പത്തിക മുന്നേറ്റത്തിന് 1.8 ട്രില്യൺ ഡോളറിൻ്റെ പുതിയ നിക്ഷേപം ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ നയങ്ങളിൽ കാതലായ മാറ്റം വരുത്തിയാൽ മാത്രമേ ഈ നിക്ഷേപങ്ങൾ രാജ്യത്ത് നിലനിർത്താൻ സാധിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.