നഗരത്തിലെ തിരക്കേറിയ ഷോപ്പിംഗ് മാളിന് സമീപമുള്ള മെഡോലാർക്ക് പാർക്ക് എന്ന ജനവാസ മേഖലയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സാമൂഹിക അരാജകത്വവും തടയാൻ പ്രദേശവാസികൾ സ്വന്തമായി സുരക്ഷാ പട്രോളിംഗ് ആരംഭിച്ചു. 'മെഡോലാർക്ക് പാർക്ക് ക്രൈം ചാറ്റ്' എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ആളുകളുടെ കൂട്ടായ്മ ഉണ്ടായത്. ഈ കൂട്ടായ്മയിൽ 610 താമസക്കാരിൽ 130-ലധികം പേർ അംഗങ്ങളാണ്.
ലഹരിമരുന്ന് ഉപയോഗം, മോഷണശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചതോടെയാണ് പോലീസിനെ മാത്രം ആശ്രയിക്കാതെ രാത്രികാലങ്ങളിലും പുലർച്ചെയും കാൽനടയായും വാഹനങ്ങളിലും പട്രോളിംഗ് നടത്താൻ ഇവർ തീരുമാനിച്ചത്. വീടുകളിലെ സെക്യൂരിറ്റി ക്യാമറകളിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഉടൻ തന്നെ ഗ്രൂപ്പിൽ വിവരം പങ്കുവെക്കുകയും തൊട്ടടുത്തുള്ളവർ സ്ഥലത്തെത്തി ഇടപെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. 2022-നെ അപേക്ഷിച്ച് 2025-ൽ ഈ പ്രദേശത്ത് നിന്ന് ലഭിച്ച പരാതികളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ഈ സജീവ ഇടപെടൽ കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുമെന്നും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്നത് പോലീസിന് ഹോട്ട്‌സ്‌പോട്ട് മേഖലകൾ തിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ സഹായകമാകുമെന്നും കാല്ഗറി പോലീസ് സൂപ്രണ്ട് സ്കോട്ട് ബോയ്ഡ് വ്യക്തമാക്കി..