സി.ആർ.എ യുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച.  കാനഡയിൽ 5 മില്യൺ ഡോളറിൻ്റെ നികുതി വെട്ടിപ്പ് പുറത്ത്

By: 600110 On: Apr 17, 2026, 10:33 AM

കാനഡ റവന്യൂ ഏജൻസിയുടെ (CRA) ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടർന്ന് വ്യാജ രേഖകൾ സമർപ്പിച്ച നികുതിദായകയ്ക്ക് അഞ്ച് മില്യൺ ഡോളർ റീഫണ്ട് നൽകിയതായി റിപ്പോർട്ട്. ബി.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന തെരേസ വാലസ് എന്ന ബിസിനസുകാരിക്കാണ് ആദായനികുതി വകുപ്പ് ഇത്രയും വലിയ തുക കൈമാറിയത്. സിസ്റ്റം മുൻകൂട്ടി അപായ സൂചന നൽകിയിട്ടും, ഉദ്യോഗസ്ഥർ മാനുവൽ പരിശോധന നടത്തുന്നതിൽ പരാജയപ്പെട്ടതാണ് ഈ സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്ന് സി.ബി.സി ന്യൂസ് പുറത്തുവിട്ട കോടതി രേഖകൾ വ്യക്തമാക്കുന്നു.

പ്രതിവർഷം ഏകദേശം 54,000 ഡോളർ മാത്രം വരുമാനമുള്ള തെരേസ, തനിക്ക് 9.9 മില്യൺ ഡോളർ വിദേശ വരുമാനം ലഭിച്ചതായും അതിന് തുല്യമായ തുക നികുതിയായി ഒടുക്കിയതായും കാണിച്ചാണ് റീഫണ്ടിന് അപേക്ഷിച്ചത്. 100 ശതമാനം നികുതി നിരക്ക് എന്നത് യുക്തിരഹിതമായിരുന്നിട്ടും സി.ആർ.എ ഇത് പരിശോധിച്ചില്ല. വിദേശ വരുമാനത്തിൻ്റെ സ്രോതസ്സായി ഐക്യരാഷ്ട്രസഭ എന്ന് മാത്രമാണ് ഇവർ രേഖപ്പെടുത്തിയിരുന്നത്. സമാനമായ തട്ടിപ്പുകൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ, ഏജൻസിയുടെ ആഭ്യന്തര പരിശോധനാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന വിമർശനം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ പാർലമെൻ്ററി സമിതി അന്വേഷണം ആരംഭിച്ചു