ലോക്‌സഭയുടെ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കുകയും 2011 ലെ സെന്‍സസ് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ അനുവദിക്കുകയും ചെയ്താല്‍, ഭരണഘടന(131 ആം ഭേദഗതി) ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന അനുബന്ധ ഡീലിമിറ്റേഷന്‍ ബില്ലും വിഭാവനം ചെയ്യുന്നതുപോലെ, തെക്കന്‍ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ ഗണ്യമായ കുറവ് സംഭവിക്കും. വടക്കേ ഇന്ത്യയിലെ ഹിന്ദി-ഹൃദയഭൂമി സംസ്ഥാനങ്ങളായിരിക്കും ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളാകുക എന്നതാണ് പ്രധാന കാര്യം.
ബില്ലില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരം, മൊത്തം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് 850 ആയി ഉയരും( സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും). അവയില്‍ 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്നും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനര്‍നിര്‍ണയം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അന്യായമായി ഗുണം ചെയ്യുമെന്നതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രധാന വാദം.
ബിജെപിക്ക് സ്വാധീനമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാല്‍, പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് സ്വാധീനവും നികുതി വിഭജനത്തില്‍ നഷ്ടവും വരുമെന്നാണ് വാദം. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളില്‍ നഷ്ടമുണ്ടാകും.