ആൽബർട്ടയിലെ സ്വാഗത ബോർഡുകൾ മാറുന്നു; പുതിയവ പ്രവിശ്യയുടെ ആകൃതിയിൽ

By: 600110 On: Apr 17, 2026, 7:58 AM

 

ആൽബെർട്ട പ്രവിശ്യയുടെ അതിർത്തികളിലുള്ള ഹൈവേ സ്വാഗത ബോർഡുകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള ചതുരാകൃതിയിലുള്ള ബോർഡുകൾക്ക് പകരം ആൽബർട്ട പ്രവിശ്യയുടെ ഭൂപടത്തിൻ്റെ ആകൃതിയിലുള്ള പുതിയ ബോർഡുകളാണ് സ്ഥാപിക്കുന്നത്.

ഏകദേശം 24 ഓളം ബോർഡുകളാണ് ഇത്തരത്തിൽ മാറുന്നത്. നിലവിലെ ബോർഡുകളിൽ "വെൽക്കം ടു അൽബെർട്ട", "വൈൽഡ് റോസ് കൺട്രി" എന്നീ വാചകങ്ങളാണുള്ളത്. 2026 വേനൽക്കാലത്തോടെ പുതിയവ സ്ഥാപിച്ചു തുടങ്ങുമെന്ന് ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷൻ അറിയിച്ചു. പുതിയ ബോർഡുകളിലെ വാചകങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ വർഷം വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളിൽ നിന്നും "വൈൽഡ് റോസ് കൺട്രി" എന്ന വാചകം മാറ്റി "സ്‌ട്രോങ്ങ് ആൻഡ് ഫ്രീ" എന്ന ആപ്തവാക്യം സർക്കാർ ഉൾപ്പെടുത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ മാറ്റം.

എന്നാൽ, ബോർഡുകൾ മാറ്റാനായി പണം ചെലവാക്കുന്നതിനെതിരെ പ്രവിശ്യയിൽ പ്രതിഷേധവും ഉയരുന്നുണ്ട്. ആരോഗ്യരംഗത്തും ഭവനപദ്ധതികൾക്കും പണം ചെലവാക്കുന്നതിന് പകരം ഇത്തരം കാര്യങ്ങൾക്കായി പണം ദുരുപയോഗം ചെയ്യുകയാണെന്നാണ് വിമർശകരുടെ വാദം. എന്നാൽ പുതിയ മാറ്റം പ്രവിശ്യയുടെ അഭിമാനം ഉയർത്തുന്നതാണെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.