കാനഡയിൽ ഹിജാബ് ധരിച്ച യുവതിക്ക് നേരെ വംശീയ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി

By: 600110 On: Apr 17, 2026, 7:55 AM

കാനഡയിലെ ടൊറൻ്റോയിൽ ബസ് യാത്രയ്ക്കിടെ മുസ്ലിം യുവതിക്ക് നേരെ വംശീയ അധിക്ഷേപവും ആക്രമണശ്രമവും ഉണ്ടായതായി പരാതി. സ്കാർബറോയിൽ നിന്ന് അജാക്സിലേക്ക് പോവുകയായിരുന്ന ബസിനുള്ളിലാണ് സംഭവം നടന്നത്. ഹിജാബ് ധരിച്ച യുവതിയെ ഒരാൾ അധിക്ഷേപിക്കുകയും "തീവ്രവാദി" എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തു. യുവതിയെ ഇയാൾ ചവിട്ടാനും ശ്രമിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മുസ്ലിം യുവതി ഇടപെട്ടാണ് അക്രമിയെ തടഞ്ഞത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

യുവതിക്ക് നേരെയുണ്ടായ ഈ വംശീയ അധിക്ഷേപത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ടൊറൻ്റോ പോലീസ്, ഹേറ്റ് ക്രൈം യൂണിറ്റിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഇരയായ യുവതിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് മുസ്ലിം സംഘടനകൾ വ്യക്തമാക്കി.