ഫെഡറൽ സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് ആൽബർട്ട സർക്കാർ

By: 600110 On: Apr 16, 2026, 12:20 PM

ഫെഡറൽ സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് ആൽബർട്ട സർക്കാർ.
എക്സൈസ് നികുതി താൽക്കാലികമായി ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രി മാർക്ക് കാർണി സമ്മർ ആശ്വാസം പ്രഖ്യാപിച്ചെങ്കിലും, ആൽബർട്ടയിൽ പ്രവിശ്യാ ഇന്ധന നികുതി ഇപ്പോൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി നേറ്റ് ഹോർണർ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം എണ്ണവില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ജൂലൈ ഒന്നിന് (കാനഡ ഡേ) മാത്രമേ നികുതി ഇളവ് പരിഗണിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിലാണെന്നും, തിരക്കിട്ടുള്ള തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ സാഹചര്യങ്ങൾ നിരീക്ഷിച്ച് തീരുമാനം എടുക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ സർക്കാർ ഏപ്രിൽ 20 മുതൽ സെപ്റ്റംബർ ഏഴ് വരെ ഇന്ധന നികുതിയിൽ ലിറ്ററിന് 10 സെൻ്റ് വരെ കുറവ് വരുത്തുമ്പോഴും, ആൽബർട്ടയിൽ പി.എസ്.ടി (PST) ഇല്ലാത്തത് വലിയൊരു ആശ്വാസമാണെന്നാണ് സർക്കാരിൻ്റെ വാദം.

അതേസമയം, എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ നികുതി ഇളവ് നൽകാത്തതിൽ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തിയിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് WTI എണ്ണവില 90 ഡോളറിന് മുകളിലാണെങ്കിൽ ലിറ്ററിന് 13 സെൻ്റ് നികുതി ഒഴിവാക്കേണ്ടതാണെന്ന് എൻ.ഡി.പി നേതാവ് നഹീദ് നെൻഷി ചൂണ്ടിക്കാട്ടി. ഉയർന്ന എണ്ണവിലയിലൂടെ സർക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇന്ധനവില കുറയ്ക്കാൻ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഡബ്ല്യുടിഐ വില ബാരലിന് 91.13 ഡോളറാണ്.