നഗരമധ്യത്തിലെ പൊതുസ്ഥലങ്ങളിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് നിലവിൽ അധികാരമില്ലെന്ന് വിൻഡ്‌സർ പോലീസ് ഡെപ്യൂട്ടി ചീഫ് കെന്നത്ത് ക്രിബ്ലി സിറ്റി കൗൺസിലിനെ അറിയിച്ചു. 'സ്ട്രെങ്തൻ ദ കോർ' എന്ന നഗര നവീകരണ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
2025-ൽ ഒൻ്റാരിയോ സർക്കാർ നടപ്പിലാക്കിയ 'റെസ്ട്രിക്റ്റിംഗ് കൺസപ്ഷൻ ഓഫ് ഇല്ലീഗൽ സബ്സ്റ്റൻസസ് ആക്ട്' പ്രകാരം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് അവിടെനിന്നും മാറിപ്പോകാൻ ആവശ്യപ്പെടാൻ മാത്രമേ ഉദ്യോഗസ്ഥർക്ക് സാധിക്കൂ. കേവലം മയക്കുമരുന്ന് കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന ഫെഡറൽ കോടതികളുടെ നിലപാടാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിൻ്റെ അധികാരം വെട്ടിക്കുറച്ചതിനെതിരെ കടുത്ത ഭാഷയിലാണ് വിൻഡ്‌സർ മേയർ ഡ്രൂ ഡിൽകെൻസ് പ്രതികരിച്ചത്. പൊതുസ്ഥലങ്ങളിലെ ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും നിയമപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരമധ്യത്തിലെ വ്യാപാരികളും സന്ദർശകരും സമാനമായ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. സ്ട്രീറ്റ് സൈഡുകളിൽ പരസ്യമായി ലഹരി ഉപയോഗിക്കുന്നത് നഗരത്തിൻ്റെ പ്രതിച്ഛായയെയും ജനങ്ങളുടെ സുരക്ഷിതബോധത്തെയും ബാധിക്കുന്നതായി ബിസിനസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. നിലവിൽ പോലീസ് സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, അറസ്റ്റ് അധികാരം ഇല്ലാത്തതിനാൽ ഇത്തരം സന്ദർഭങ്ങളിൽ സമ്മൻസ് നൽകാൻ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.