കാനഡയിലെ ചെറുകിട വ്യവസായ മേഖല ഗുരുതരമായ വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ടുകൾ. പുതിയ ബിസിനസുകൾ തുടങ്ങുന്നതിനേക്കാൾ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്നര വർഷമായി കണ്ടുവരുന്നത്. കോവിഡ് കാലത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് വിദഗ്ധർ പറയുന്നു. ഈ സാഹചര്യത്തെ "സംരംഭകത്വ വരൾച്ച" എന്നാണ് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) വിശേഷിപ്പിക്കുന്നത്.
സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വലിയ ചെലവാണ് ഇതിൻ്റെ പ്രധാന കാരണം. കടകളുടെ വാടക, കറൻ്റ് ചാർജ്, ഇൻഷുറൻസ് തുക എന്നിവ ക്രമാതീതമായി വർദ്ധിച്ചു. അതോടൊപ്പം ആവശ്യത്തിന് ജീവനക്കാരെ കിട്ടാത്തതും, കടുപ്പമേറിയ സർക്കാർ നിയമങ്ങളും പുതിയ സംരംഭകർക്ക് വെല്ലുവിളിയാകുന്നുണ്ട്. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കാരണം പുതിയ ബിസിനസുകൾക്കായി പണം നിക്ഷേപിക്കാനും റിസ്ക് എടുക്കാനും പലരും ഭയപ്പെടുന്നു. ഫിനാൻസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളെയാണ് ഈ തകർച്ച ഏറ്റവും കൂടുതൽ ബാധിച്ചത്.
നിലവിലെ ബിസിനസ് ഉടമകളിൽ പകുതിയിലധികം പേരും ഇപ്പോൾ പുതിയൊരു ബിസിനസ് തുടങ്ങാൻ ആരെയും ഉപദേശിക്കില്ലെന്നാണ് പറയുന്നത്. ബിസിനസ് മേഖലയിലുള്ളവർ എത്രത്തോളം നിരാശരാണെന്ന് ഇത് വ്യക്തമാക്കുന്നു. യുവാക്കൾ ഈ രംഗത്തേക്ക് വരാൻ മടിക്കുന്നത് രാജ്യത്തിൻ്റെ വളർച്ചയെ ബാധിക്കും. ചെറുകിട സ്ഥാപനങ്ങൾ പൂട്ടുന്നത് പ്രാദേശികമായി തൊഴിലവസരങ്ങൾ കുറയാനും കാരണമാകും. ഈ സാഹചര്യം മാറാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കാനഡയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.